ട്രംപ് ഭീതിയിൽ തകർന്നടിഞ്ഞ് ഓഹരി വിപണി

Wednesday 22 January 2025 12:34 AM IST

തീരുവ യുദ്ധത്തിൽ നിക്ഷേപകർക്ക് ആശങ്ക

കൊച്ചി: അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധ പ്രഖ്യാപനത്തിൽ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ തകർന്നടിഞ്ഞു. അധികാരമേറ്റതിന് താെട്ടുപിന്നാലെ മെക്സികോ, കാനഡ എന്നിവിടങ്ങളിലെ ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തിയതാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ മുൻനിര കമ്പനികൾ ലാഭത്തിലും വിറ്റുവരവിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതിരുന്നതും വില്പന സമ്മർദ്ദം രൂക്ഷമാക്കി. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 1,235 പോയിന്റ് നഷ്‌ടവുമായി ഏഴ് മാസത്തെ കുറഞ്ഞ തലമായ 75,838.36ൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 320.10 പോയിന്റ് ഇടിഞ്ഞ് 23,204.65ൽ അവസാനിച്ചു. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളാണ് കനത്ത നഷ്‌ടം നേരിട്ടത്.

റിലയൻസ് ഇൻഡസ്‌ട്രീസ്, സൊമാറ്റോ, അദാനി പോർട്ട്‌സ്, എസ്.ബി.ഐ, ബജാജ് ഫിനാൻസ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. ധനകാര്യ, ബാങ്കിംഗ്, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് എന്നീ മേഖലകളിലെ ഓഹരികൾ കനത്ത നഷ്‌ടം നേരിട്ടു.

1. കാനഡയ്ക്കും മെക്സികോയ്ക്കും എതിരെ സ്വീകരിച്ച തീരുവ നടപടികൾ ഏഷ്യൻ രാജ്യങ്ങൾക്കെതിരെയും ട്രംപ് പ്രഖ്യാപിക്കുമെന്ന ആശങ്ക ശക്തമായി

2. ആഗോളവൽക്കരണ ആശയത്തിന് നിലനിൽപ്പിനെ ട്രംപിന്റെ അമേരിക്ക ഫസ്‌റ്റ് നയങ്ങൾ അപകടത്തിലാക്കുമെന്ന് ധനകാര്യ, സാമ്പത്തിക വിദഗ്ദ്ധർ ഭയപ്പെടുന്നു

3. വിദേശ നിക്ഷേപകർ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ നിന്ന് വലിയ തോതിൽ പണം പിൻവലിക്കാൻ ട്രംപ് നയങ്ങൾ കാരണമായേക്കും

നിക്ഷേപകരുടെ ആസ്തിയിലെ ഇടിവ്

7.8 ലക്ഷം കോടി രൂപ

ഇന്ത്യയ്ക്കും നികുതി വർദ്ധന ഭീഷണി

അമേരിക്കയിലേക്കുള്ള ഇന്ത്യൻ ഉത്പന്നങ്ങൾക്കും ട്രംപ് 2.0 ഭരണം ഉയർന്ന നികുതി ഏർപ്പെടുത്തുമെന്ന ആശങ്ക ശക്തമാകുന്നു. ചൈനയുമായുള്ള വ്യാപാര കമ്മി കുത്തനെ കുറയ്ക്കാൻ അവിടെ നിന്നുള്ള ഉത്പന്നങ്ങൾക്ക് 60 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നാണ് തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ട്രംപ് വ്യക്തമാക്കിയിരുന്നത്. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന ഇറക്കുമതി തീരുവ ഈടാക്കുന്നുവെന്നാണ് ട്രംപിന്റെ പരാതി. തീരുവ കുറച്ചില്ലെങ്കിൽ അമേരിക്കയിലും സമാനമായ നടപടികളുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.