24 മണിക്കൂറിൽ റെക്കാഡ് പോളിസി വിൽപ്പന നേടി
കൊച്ചി: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യ(എൽ.ഐ.സി) 24 മണിക്കൂറിൽ ആറ് ലക്ഷത്തിനടുത്ത് പോളിസികളുടെ വിൽപ്പന നടത്തി ലോക റെക്കാഡ് കൈവരിച്ചു. ഈ വർഷം ജനുവരി 20ന് 4,52,839 എൽ.ഐ.സി ഏജന്റുമാർ സംയുക്തമായി ഇന്ത്യയൊട്ടാകെ 5,88,107 പോളിസികൾ വിൽപ്പന നടത്തി ചരിത്രം സൃഷ്‌ടിച്ചെന്ന് ഗിന്നസ് വേൾഡ് റെക്കാഡ്‌സ് പരിശോധിച്ച് ഉറപ്പുവരുത്തി. ഇൻഷ്വറൻസ് വ്യവസായ മേഖലയുടെ കാര്യക്ഷമതയിലെ പുതിയ നാഴികകല്ലാണിതെന്ന് ഗിന്നസ് ടീം വിലയിരുത്തി.
ഏജന്റുമാരുടെ അർപ്പണബുദ്ധിയും വൈദഗ്ദ്ധ്യവും നിരന്തര പരിശ്രമവുമാണ് ഈ നേട്ടം കൈവരിക്കുന്നതിന് കരുത്തായതെന്ന് എൽ.ഐ.സി പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഉപഭോക്താക്കൾക്കും കുടുംബങ്ങൾക്കും ധനകാര്യ, ആരോഗ്യ സംരംക്ഷണം നൽകുന്നതിലെ എൽ.ഐ.സിയുടെ പ്രതിബന്ധതയുടെ തെളിവാണിത്. 'മാഡ് മില്യൺ ഡേ' എന്ന പേരിൽ ജനുവരി 20ന് നടത്തിയ പ്രചാരണത്തിന്റെ ഭാഗമായി എല്ലാ ഏജന്റുമാരും ഒരു പോളിസി നേടണമെന്ന എൽ.ഐ.സി മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ സിദ്ധാർത്ഥ മൊഹന്തി ആഭ്യർത്ഥനയാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്
ജനുവരി 20ലെ പോളിസി വിൽപ്പന മഹാമഹ ദിനം ചരിത്ര വിജയമാക്കിയ ഏജന്റുമാർ, ഉപഭോക്താക്കൾ. ജീവനക്കാർ എന്നിവർക്കാണ് റെക്കാഡിന്റെ ക്രെഡിറ്റ്
സിദ്ധാർത്ഥ മൊഹന്തി
എം. ഡി ആൻഡ് സി.ഇ.ഒ
എൽ.ഐ.സി
നിക്ഷേപ ആസ്തിയിൽ 1.8 ലക്ഷം കോടിയുടെ വർദ്ധന
രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര നിക്ഷേപ സ്ഥാപനമായ എൽ.ഐ.സിയുടെ ആസ്തിയിൽ ഒരു മാസത്തിനിടെ 1.8 ലക്ഷം കോടി രൂപയുടെ വർദ്ധനയുണ്ടായി. ഏപ്രിലിൽ ഓഹരി സൂചികകൾ കുത്തനെ ഇടിഞ്ഞതോടെ നേരിട്ട നഷ്‌ടം ഒരു പരിധി വരെ നികത്താൻ ഇതോടെ കമ്പനിക്ക് കഴിഞ്ഞു. ഏപ്രിൽ ഏഴിന് എൽ.ഐ.സിയുടെ പോർട്ട്‌ഫോളിയോ മൂല്യം 13.65 ലക്ഷം കോടി രൂപയായിരുന്നു. മേയ് 16ന് കമ്പനിയുടെ ഓഹരി പോർട്ട്ഫോളിയോ 15.43 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നു.
എൽ.ഐ.സി ഓഹരി വിൽപ്പന
എൽ.ഐ.സിയിൽ കേന്ദ്ര സർക്കാരിനുള്ള 6.5 ശതമാനം ഓഹരികൾ കൂടി വിറ്റഴിക്കാൻ നടപടി തുടങ്ങി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വിവിധ ഘട്ടങ്ങളായിട്ടാകും ഓഹരികൾ വിറ്റഴിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |