ആറാം റൗണ്ട് ചർച്ചകൾക്ക് അമേരിക്കൻ പ്രതിനിധികൾ എത്തില്ല
ആഗസ്റ്റ് 27 മുതൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഉണ്ടായേക്കും
കൊച്ചി: ആഗസ്‌റ്റ് 25ന് ആരംഭിക്കാനിരുന്ന ഇന്ത്യയും അമേരിക്കയുമായുള്ള അടുത്ത റൗണ്ട് വ്യാപാര ചർച്ചകൾ മാറ്റിവെച്ചതോടെ രാജ്യത്തെ സാമ്പത്തിക മേഖലയിൽ ആശങ്ക ശക്തമാകുന്നു. പുതിയ തീയതി അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ആഗസ്‌റ്റ് 27 മുതൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ 25 ശതമാനം അധിക തീരുവ നൽകേണ്ടി വരുമെന്ന് ഉറപ്പായി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി 25 ശതമാനം അധിക തീരുവയും 25 ശതമാനം പകരച്ചുങ്കവും ഉൾപ്പെടെ 50 ശതമാനം ഇറക്കുമതി തീരുവയാണ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഈടാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇത്രയും ഉയർന്ന തീരുവ നൽകി ഇന്ത്യയ്ക്ക് അമേരിക്കയിലേക്ക് ഉത്പന്നങ്ങൾ കയറ്റി അയക്കാൻ കഴിയില്ലെന്ന് അനലിസ്റ്റുകൾ പറയുന്നു.
ഡൊണാൾഡ് ട്രംപും പുടിനുമായി നടന്ന ചർച്ചകൾക്ക് ശേഷവും റഷ്യയും ഉക്രെയിനുമായുള്ള സംഘർഷം തുടരുന്നതിനാൽ ഇന്ത്യയുടെ മേലുള്ള പിഴ തീരുവ ഒഴിവാകാൻ ഇടയില്ല. ഇന്ത്യയുടെ 60 ശതമാനം ഉത്പന്ന കയറ്റുമതിയെയും ട്രംപിന്റെ 50 ശതമാനം തീരുവ പ്രതികൂലമായി ബാധിക്കും.
ജി.എസ്.ടി പരിഷ്കരണത്തിൽ പ്രതീക്ഷയോടെ ഓഹരികൾ
ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധത്തിൽ അടിതെറ്റിയ ഇന്ത്യൻ ഓഹരികൾ ഈ വാരം ശക്തമായി തിരിച്ചു കയറിയേക്കും. സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ രാജ്യത്തെ ചരക്കു സേവന നികുതി(ജി.എസ്.ടി) ഘടനയിൽ വിപ്ളവകരമായ മാറ്റങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതും ഇന്ത്യയുടെ സോവറിൻ റേറ്റിംഗ് ആഗോള ധനകാര്യ ഏജൻസിയായ എസ് ആൻഡ് പി ഉയർത്തിയതും നടപ്പുവാരം നിക്ഷേപകർക്ക് ആവേശം പകർന്നേക്കും.
തിരിച്ചടി മറികടക്കാനാകുമെന്ന് പ്രതീക്ഷ
1. ഉത്സവകാല ആഘോഷങ്ങൾ ഉപഭോഗം ഉയർത്തുന്നതോടെ സാമ്പത്തിക ഉണർവ് ശക്തമാകും
2. ദീപാവലിയോടെ ജി.എസ്.ടി പരിഷ്‌ക്കരണം പ്രാബല്യത്തിലാകുമ്പോൾ ഉത്പന്നങ്ങളുടെ വില കുറയും
3. മൂന്നാം ത്രൈമാസത്തിൽ കമ്പനികളുടെ വിറ്റുവരവും ലാഭക്ഷമതയും മെച്ചപ്പെടുമെന്നും പ്രതീക്ഷ
4. ട്രംപും പുടിനുമായുള്ള ഉച്ചകോടിക്ക് ശേഷം വ്യാപാര സംഘർഷങ്ങളിൽ അയവുണ്ടാകുമെന്ന സൂചന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |