ഓഹരികൾ മൂക്കുകുത്തി, സ്വർണ വില മുകളിലേക്ക്
കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുവ യുദ്ധം ശക്തമാക്കിയതോടെ ലോകമെമ്പാടുമുള്ള വിപണികളിൽ അനിശ്ചിതത്വം രൂക്ഷമായി. ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ഇന്ന് മുതൽ 25 ശതമാനം അധിക പിഴത്തീരുവ ഈടാക്കുമെന്ന് ഉറപ്പായതോടെ ഓഹരി നിക്ഷേപകർ കടുത്ത ആശങ്കയിലാണ്. ഇതോടെ സെൻസെക്സ് 849.37 പോയിന്റ് തകർച്ചയോടെ 80,786.54ൽ അവസാനിച്ചു. നിഫ്‌റ്റി 255.7 പോയിന്റ് നഷ്‌ടവുമായി 24,712.05ൽ വ്യാപാരം പൂർത്തിയാക്കി. കൺസ്യൂമർ ഡ്യൂറബിൾസ് ഒഴികെയുള്ള മേഖലകളിലെ ഓഹരി വിലകൾ മൂക്കുകുത്തി. വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്ന് വലിയ തോതിൽ പണം പിൻവലിച്ചതും തിരിച്ചടിയായി. മൊത്തം തീരുവ 50 ശതമാനമായി ഉയരുന്നതോടെ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുത്തനെ കുറഞ്ഞേക്കും. ഇന്ത്യയുടെ പ്രധാന എതിരാളികളായ വിയറ്റ്‌നാം, ബംഗ്ളാദേശ്, മെക്‌സികോ തുടങ്ങിയ രാജ്യങ്ങളുടെ തീരുവ 25 ശതമാനത്തിലും താഴെയാണ്. ടെക്‌സ്‌റ്റയിൽ, വാഹന ഘടക ഭാഗങ്ങൾ, ജെം ആൻഡ് ജുവലറി, ഇലക്ട്രിക്കൽ ഉത്പന്നങ്ങൾ, സമുദ്രോത്പന്നങ്ങൾ തുടങ്ങിയ വിവിധ മേഖലകൾ അമേരിക്കൻ വിപണിയെ ആശ്രയിച്ചാണ് പിടിച്ചുനിൽക്കുന്നത്.
ഫെഡ് ഗവർണറെ പുറത്താക്കി ട്രംപ്
ഫെഡറൽ റിസർവിന്റെ ഗവർണർ ലിസ കുക്കിനെ ഡൊണാൾഡ് ട്രംപ് പുറത്താക്കിയതും നിക്ഷേപകരെ മുൾമുനയിലാക്കി. ഫെഡറൽ റിസർവ് അദ്ധ്യക്ഷനായ ജെറോം പവലിന് മേൽ സമ്മർദ്ദം ചെലുത്തി മുഖ്യ പലിശ നിരക്ക് കുറയ്ക്കാനാണ് ട്രംപിന്റെ ശ്രമം. തീരുവ യുദ്ധം മൂലം നാണയപ്പെരുപ്പം ഉയരുമെന്നതിനാൽ പലിശ കുറയ്ക്കുന്നതിന് ഫെഡ് അനുകൂലമല്ല.
സ്വർണ വില കുതിക്കുന്നു
ആഗോള തലത്തിൽ വ്യാപാര യുദ്ധം വീണ്ടും ശക്തമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില കുതിച്ചുയർന്നു. സുരക്ഷിതത്വം തേടി വൻകിട നിക്ഷേപകർ സ്വർണത്തിൽ സജീവമായതാണ് വില ഉയർത്തിയത്. ഇന്നലെ ഹോങ്കോംഗ് വിപണിയിൽ സ്വർണ വില ഔൺസിന് 3,373 ഡോളറായി. കേരളത്തിൽ സ്വർണ വില പവന് 400 രൂപ ഉയർന്ന് 74,840 രൂപയിലെത്തി.
രൂപ വീണു
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ മൂന്നാഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 87.80ൽ എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |