SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.31 PM IST

സ്വർണ വില ചാഞ്ചാട്ടത്തിൽ വലഞ്ഞ് ഉപഭോക്താക്കൾ

Increase Font Size Decrease Font Size Print Page
gold

വിലയിൽ ഇന്നലെ നാല് തവണ മാറ്റം

പവൻ വില 5,440 രൂപ കുറഞ്ഞ് 1,12,320 രൂപയായി

കൊച്ചി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും വ്യാപാര നയത്തിലെ ആശങ്കകളും സ്വർണ വിലയിൽ ചാഞ്ചാട്ടം ശക്തമാക്കുന്നു. ഇതോടെ ഉപഭോക്താക്കളും ജുവലറികളും സ്വർണ പണയ സ്ഥാപനങ്ങൾക്കും വെല്ലുവിളിയേറി. ഇന്നലെ തുടക്കത്തിൽ കുത്തനെ ഇടിഞ്ഞ സ്വർണ വില പിന്നീട് ശക്തമായി തിരിച്ചുകയറി. അമേരിക്കയിൽ പലിശ ഉയർന്ന തലത്തിൽ തുടരുമെന്ന വാർത്തകളാണ് സ്വർണം അടക്കമുള്ള ലോഹങ്ങളുടെ വിലത്തകർച്ച ശക്തമാക്കിയത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്നലെ ഒരവസരത്തിൽ ഔൺസിന് 4,450 ഡോളറിലേക്ക് മൂക്കുകുത്തി. ഫെഡറൽ റിസർവിന്റെ അടുത്ത അദ്ധ്യക്ഷനായി കെവിൻ വാൽഷിനെ ഡൊണാൾഡ് ട്രംപ് നിർദേശിച്ചതിനു ശേഷമാണ് സ്വർണം അടിതെറ്റിയത്. വൈകിട്ട് വില 4,730 ഡോളറിലേക്ക് മെച്ചപ്പെട്ടു.

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ നാല് തവണ വിലയിൽ മാറ്റം വരുത്തി. വ്യാപാരം അവസാനിച്ചപ്പോൾ പവൻ വില 5,440 രൂപ കുറഞ്ഞ് 1,12,320 രൂപയിലെത്തി. രാവിലെ 830 രൂപയും ഉച്ചയ്ക്ക് 400 രൂപയും കുറഞ്ഞ ഗ്രാമിന്റെ വില വൈകിട്ട് രണ്ട് തവണയായി 550 രൂപ തിരിച്ചുകയറി.

നാല് ദിവസത്തിനിടെ പവൻ വിലയിലെ ഇടിവ്

19,840 രൂപ

കരുതലോടെ റിസർവ് ബാങ്ക്

വിലയിലെ കനത്ത ഇടിവിന്റെ പശ്ചാത്തലത്തിൽ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സ്വർണ പണയ വായ്പാ പോർട്ട്‌ഫോളിയോ റിസർവ് ബാങ്ക് പരിശോധിക്കുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ റെക്കാഡ് ഉയരത്തിൽ നിന്ന് സ്വർണ വിലയിൽ 15 ശതമാനം ഇടിവാണുണ്ടായത്. വിലക്കയറ്റത്തിന് ശേഷം സ്വർണ പണയ വായ്പകളിൽ വൻ വർദ്ധനയാണ് ദൃശ്യമായത്. വില കുത്തനെ കുറഞ്ഞാൽ ഉപഭോക്താക്കൾ വായ്പാ തിരിച്ചടവ് മുടക്കുമെന്ന ആശങ്ക റിസർവ് ബാങ്കിനുണ്ട്.

വെള്ളി വിലയും മൂക്കുകുത്തി

ലാഭമെടുപ്പ് ശക്തമായതോടെ വെള്ളി വിലയും മൂക്കുകുത്തി. ഇന്നലെ വെള്ളി കിലോഗ്രാമിന് വില മൂന്ന് ലക്ഷം രൂപയിലേക്കാണ് താഴ്ന്നത്. രണ്ട് ദിവസത്തിനിടെ ലക്ഷം രൂപയുടെ ഇടിവാണുണ്ടായത്. ഊഹക്കച്ചവടക്കാർ ലോഹവിപണിയിൽ പിടിമുറുക്കുന്നതാണ് വിലയിൽ ചാഞ്ചാട്ടം രൂക്ഷമാക്കുന്നത്.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY