
ഇന്ധന പ്രതിസന്ധി തിരിച്ചടി
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം സൃഷ്‌ടിച്ച ഇന്ധന പ്രതിസന്ധിയിൽ രാജ്യത്തെ വ്യാവസായിക ഉത്പാദന മേഖലയ്ക്ക് അടിതെറ്റുന്നു. അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തെ നേരിടാൻ ഇറാൻ ഹോർമുസ് ഇടനാഴി അടച്ചതും ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി തടസപ്പെട്ടതുമാണ് വ്യവസായ ഉത്പാദനത്തെ ബാധിച്ചത്. മാർച്ചിൽ എട്ട് പ്രധാന വ്യവസായ മേഖലകളിലെ ഉത്പാദനത്തിൽ 0.4 ശതമാനം ഇടിവുണ്ടായി. ഫെബ്രുവരിയിൽ ഈ മേഖലകളിൽ 2.8 ശതമാനം ഉത്പാദന വളർച്ചയുണ്ടായിരുന്നു.
പ്രധാന വ്യാവസായിക ഉത്പാദന മേഖലയിലെ രണ്ട് വർഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന പ്രകടനമാണിത്. രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ നട്ടെല്ലായ വ്യവസായ മേഖലകളെ യുദ്ധം പ്രതികൂലമായി ബാധിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൽക്കരി, ക്രൂഡോയിൽ, രാസവളം, വൈദ്യുതി മേഖലകളിലെ ഉത്പാദന തളർച്ച ഇക്കാലയളവിൽ രൂക്ഷമായി. സ്‌റ്റീൽ, പ്രകൃതി വാതക മേഖലകളിൽ ഉത്പാദന വളർച്ച ദൃശ്യമായി.
കൽക്കരി ഉത്പാദനത്തിൽ കഴിഞ്ഞ മാസം നാല് ശതമാനം ഇടിവുണ്ടായി. ക്രൂഡോയിൽ 5.7 ശതമാനവും വൈദ്യുതി 0.5 ശതമാനവും ഉത്പാദന ഇടിവ് നേരിട്ടു. രാജ്യത്തെ മൊത്തം വ്യവസായ ഉത്പാദന സൂചിക കണക്കാക്കുന്നതിൽ 40 ശതമാനം വിഹിതം ഈ എട്ട് മേഖലകൾക്കായാണ്.
രാസവളം ഉത്പാദനം താളംതെറ്റുന്നു
ഹോർമുസ് ഇടനാഴി അടച്ചതോടെ അസംസ്‌കൃത സാധനങ്ങളുടെ ലഭ്യത കുറഞ്ഞതാണ് രാസവളം ഉത്പാദന രംഗത്തിന് തിരിച്ചടിയായത്. സർഫ്യൂരിക് ആസിഡ് ഉൾപ്പെടെയുള്ള പ്രധാന അസംസ്‌കൃത സാധനങ്ങൾ ഗൾഫ് മേഖലയിൽ നിന്നാണ് ഇന്ത്യയിലെത്തുന്നത്. ഫാക്‌ടറികൾ പ്രവർത്തനം നിയന്ത്രിച്ചതോടെ രാസവളം ഉത്പാദനത്തിൽ കഴിഞ്ഞ മാസം 24.6 ശതമാനം ഇടിവുണ്ടായി. ഫെബ്രുവരിയിൽ രാസവളം ഉത്പാദനം 3.4 ശതമാനം വളർച്ച നേടിയിരുന്നു.
കരുത്തോടെ സ്‌റ്റീൽ ഉത്പാദനം
അവലോകന കാലയളവിൽ രാജ്യത്തെ സ്‌റ്റീൽ ഉത്പാദനത്തിൽ 2.2 ശതമാനം വർദ്ധനയുണ്ടായി. ഫെബ്രുവരിയിൽ ഉത്പാദനത്തിൽ 7.6 ശതമാനം വളർച്ച നേടിയിരുന്നു. പ്രകൃതി വാതക ഉത്പാദനം ഫെബ്രുവരിയിലെ അഞ്ച് ശതമാനത്തിൽ നിന്ന് മാർച്ചിൽ 6.4 ശതമാനമായി ഉയർന്നു. ഗൾഫ് മേഖലയിലെ പ്രതിസന്ധി മറികടക്കാൻ കർക്കാർ പ്രകൃതി വാതക ഉത്പാദനം ഉയർത്താൻ കമ്പനികൾക്ക് കഴിഞ്ഞ മാസം നിർദേശം നൽകിയതാണ് നേട്ടമായത്. സമന്റ് ഉത്പാദനം നാല് ശതമാനവും റിഫൈനറി ഉത്പാദനം 0.7 ശതമാനവും ഉയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |