
കൊച്ചി: ഇറാൻ യുദ്ധം നാലാം ദിവസവും കടന്ന് നീങ്ങുന്നതോടെ ലോകമെമ്പാടുമുള്ള നിക്ഷേപകർ കടുത്ത അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. ഇന്നലെ ഇന്ത്യൻ ഓഹരി വിപണി അവധിയായിരുന്നുവെങ്കിലും ഏഷ്യ, യൂറോപ്പ്, യു.എസ് സൂചികകൾ കനത്ത തിരിച്ചടി നേരിട്ടു. യുദ്ധം ഉടനെയൊന്നും അവസാനിക്കില്ലെന്ന സൂചനയും ക്രൂഡ് വില ബാരലിന് 85 ഡോളറിലേക്ക് ഉയർന്നതുമാണ് വെല്ലുവിളി ശക്തമാക്കുന്നത്. ക്രൂഡോയിൽ വിലയിലെ കുതിപ്പ് ആഗോള തലത്തിൽ നാണയപ്പെരുപ്പം ശക്തമാക്കും.
ലോകത്തിലെ മൊത്തം ചരക്കു നീക്കത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ഇന്ധന പ്രതിസന്ധി രൂക്ഷമായി. അൻപത് ദിവസത്തേക്കുള്ള ക്രൂഡോയിൽ ശേഖരം കൈവശമുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുമ്പോഴും സംഘർഷം അനിശ്ചിതമായി നീങ്ങിയാൽ ഇന്ധന വിപണി വൻ തിരിച്ചടി നേരിടും. രണ്ട് ദിവസമായി ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ ഇന്ത്യയിലേക്ക് ഉത്പന്നങ്ങളുമായി കടന്നിട്ടില്ല. വരും ദിവസങ്ങളിൽ രാജ്യത്തെ ഇന്ധന പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്ക വ്യവസായ മേഖലയിൽ ശക്തമാണ്.
ഇന്ധന വിലക്കയറ്റം വിനയാകും
അഞ്ച് ദിവസം കൊണ്ട് ഗൾഫ് മേഖലയിൽ നിന്ന് എത്തിയിരുന്ന ക്രൂഡോയിൽ വരവ് നിലച്ചതോടെ റഷ്യ അടക്കമുള്ള മേഖലയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യ നിർബന്ധിതമാകും. ഗതാഗത ചെലവും ഇൻഷ്വറൻസ് ബാദ്ധ്യതയും കൂടുന്നതിനൊപ്പം ചരക്ക് എത്താനുള്ള സമയം ഒരു മാസമായി ഉയരുമെന്നതും പ്രധാന വെല്ലുവിളിയാണ്.
കയറ്റുമതിയിലും പ്രതിസന്ധി
യു.എ.ഇ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്ന ആയിരക്കണക്കിന് കോടി രൂപയുടെ ഉത്പന്നങ്ങൾ വിവിധ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും കെട്ടിക്കിടക്കുകയാണ്. അതിവേഗം കേടാകുന്ന പച്ചക്കറികൾ, പഴങ്ങൾ എന്നിവയുടെ കയറ്റുമതിക്കും പുതിയ സാഹചര്യം തിരിച്ചടിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |