ഇസാഫ് ബാങ്ക് പ്രവർത്തനലാഭത്തിൽ കുതിപ്പ്

Tuesday 05 May 2026 12:44 AM IST

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ 24 കോടി രൂപ അറ്റാദായവുമായി ഇസാഫ് സ്‌മാൾ ഫിനാൻസ് ബാങ്ക് പ്രകടനം മെച്ചപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിൽ 183 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തിൽ ബാങ്ക് ഏഴ് കോടി രൂപ ലാഭം നേടിയിരുന്നു. സുരക്ഷിത വായ്പകൾ, സ്വർണ വായ്പകൾ, ആസ്തി ഗുണമേന്മ തുടങ്ങിയ മേഖലകളിൽ വളർച്ച രേഖപ്പെടുത്തി. ചെറുകിട സംരംഭങ്ങൾ, കൃഷി, റീട്ടെയിൽ, സ്വർണ വായ്പ തുടങ്ങിയ മേഖലകളിലെ കരുത്താണ് ബാങ്കിനെ ലാഭത്തിലാക്കിയത്. ബാങ്ക് കൈകാര്യം ചെയ്യുന്ന മൊത്തം ബിസിനസ് 14.8 ശതമാനം വാർഷിക വളർച്ചയോടെ 48,276 കോടി രൂപയിലെത്തി. മൊത്തം വായ്പ 19.4 ശതമാനം വളർച്ചയോടെ 22,426 കോടി രൂപയും നിക്ഷേപം 11.1 ശതമാനം വളർച്ചയോടെ 25,850 കോടി രൂപയുമായി. 73.8 ശതമാനം വാർഷിക വളർച്ചയോടെ 10,134 കോടി രൂപയാണ് സുരക്ഷിത വായ്പയായി രേഖപ്പെടുത്തിയത്. മൊത്തം വായ്പയിൽ 61 ശതമാനമാണ് സുരക്ഷിത വായ്പകൾ. സ്വർണ വായ്പകളിലും മികച്ച പുരോഗതിയാണ് ബാങ്കിനുള്ളത്. 54.5 ശതമാനം വാർഷിക വളർച്ചയോടെ 8,858 കോടി രൂപയാണ് രേഖപ്പെടുത്തിയത്. റിസ്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി മൈക്രോഫിനാൻസ് വായ്പകളിൽ കുറവുണ്ടായി. മുൻവർഷത്തെ നാലാം പാദത്തിൽ 8,857 കോടി രൂപയായിരുന്ന മൈക്രോഫിനാൻസ് പോർട്ട്‌ഫോളിയോ 8,746 കോടി രൂപയായി കുറഞ്ഞു. ഇതോടെ ബാങ്കിന്റെ ആകെ വായ്പകളിൽ മൈക്രോഫിനാൻസ് വിഭാഗത്തിന്റെ വിഹിതം 47 ശതമാനത്തിൽ നിന്ന് 39 ശതമാനമായി താഴ്ന്നു. അറ്റ പലിശ വരുമാനം 518 കോടി രൂപയായി. പ്രവർത്തന ലാഭം 241 കോടി രൂപയും ഇതര വരുമാനം 201 കോടി രൂപയും രേഖപ്പെടുത്തി.

വായ്പകളിലെ റിസ്ക് കുറച്ചും ആസ്തികളുടെ ഗുണമേന്മ വർദ്ധിപ്പിച്ചും സുസ്ഥിരമായ വളർച്ച കൈവരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. കെ പോൾ തോമസ് പറഞ്ഞു. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 16 പുതിയ ബ്രാഞ്ചുകൾ ആരംഭിച്ചു.