പെട്രോൾ, ഡീസൽ വില വർദ്ധന അനിവാര്യം
എണ്ണക്കമ്പനികളുടെ നഷ്‌ടം കുതിക്കുന്നു
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധം ക്രൂഡോയിൽ വിപണിയിൽ സമ്മർദ്ദം രൂക്ഷമാക്കിയതോടെ ഇന്ത്യയിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വില കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചേക്കും. ഫെബ്രുവരിക്ക് ശേഷം ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 113 ഡോളറിലേക്ക് ഉയർന്നതാണ് പ്രധാന വെല്ലുവിളി. യുദ്ധം തീവ്രമായതോടെ ഇറാൻ ഹോർമുസ് ഇടനാഴി അടച്ചതിനാൽ ഗൾഫ് ഇതര മേഖലകളിൽ നിന്നും ക്രൂഡോയിൽ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ നിർബന്ധിതരായി. ഇതോടെ ചരക്കുഗതാഗത ചെലവ് ഗണ്യമായി കൂടി. യുദ്ധത്തിന് മുൻപ് ഇന്ത്യയിലേക്കുള്ള മൊത്തം ഇന്ധന ഇറക്കുമതിയിൽ അൻപത് ശതമാനവും ഹോർമുസ് ഇടനാഴിയിലൂടെയാണ് നടന്നിരുന്നത്. നിലവിൽ ഇന്ത്യൻ കമ്പനികൾ ബാരലിന് 140 ഡോളർ വരെ നൽകിയാണ് ക്രൂഡ് വാങ്ങുന്നത്.
പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവ ഉത്പാദന ചെലവിലും കുറഞ്ഞ വിലയിൽ വിൽക്കുന്നതിനാൽ പൊതുമേഖല എണ്ണക്കമ്പനികൾ കനത്ത നഷ്‌ടമാണ് നേരിടുന്നതെന്ന് പെട്രോളിയം മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറയുന്നു. ക്രൂഡിന്റെ വില ഇരട്ടിക്ക് അടുത്ത് ഉയർന്നിട്ടും പെട്രോൾ, ഡീസൽ, ഗാർഹിക പാചകവാതകം എന്നിവയുടെ വില വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ കമ്പനികളെ അനുവദിച്ചിട്ടില്ല. 2022 ഏപ്രിലിന് ശേഷം ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടായിട്ടില്ല.
പെട്രോൾ, ഡീസൽ വിൽപ്പന നഷ്‌ടം
നിലവിൽ പെട്രോൾ ലിറ്ററിന് 24 രൂപയുടെയും ഡീസലിന് 30 രൂപയുടെയും വിൽപ്പന നഷ്‌ടമാണ് പൊതുമേഖല എണ്ണക്കമ്പനികൾ നേരിടുന്നത്. നഷ്‌ടം കുതിച്ചുയരുമ്പോൾ അധിക ബാദ്ധ്യതയിൽ ഒരു ഭാഗം ചില്ലറ ഉപഭോക്താക്കൾക്ക് കൈമാറണമെന്ന് കമ്പനികൾ ആവശ്യപ്പെടുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വിലവർദ്ധനയ്ക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടുമെന്നാണ്കമ്പനികളുടെ പ്രതീക്ഷ.
രൂപയുടെ തകർച്ച അധിക ബാദ്ധ്യത
രാജ്യാന്തര വിപണിയിൽ ക്രൂഡ് വില കുതിക്കുന്നതിനൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാകുന്നതാണ് കമ്പനികൾക്ക് അധിക ബാദ്ധ്യതയാകുന്നത്. ഇതോടെ ഇറക്കുമതി ചെലവ് 20 ശതമാനത്തിലധികം ഉയർന്നു.
പെട്രോൾ വിലയിൽ പ്രതീക്ഷിക്കുന്ന വർദ്ധന(ലിറ്ററിന്)
3 മുതൽ 5 രൂപ വരെ
നടപ്പുവർഷം ഗാർഹിക പാചക വാതകത്തിലെ വിൽപ്പന നഷ്‌ടം
80,000 കോടി രൂപ