കറക്കത്തിന് വരുമോ കടിഞ്ഞാൺ? വിദേശയാത്ര നിയന്ത്രണം ആലോചനയിൽ
കൊച്ചി: കുതിച്ചുയരുന്ന ഇന്ധന വില സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാൻ വിദേശ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതായി അഭ്യൂഹം. വിദേശ നാണയ ശേഖരം കുത്തനെ കുറയുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ വിനോദയാത്രയ്ക്ക് പോകുന്നവരെ നിരുത്സാഹപ്പെടുത്താൻ അധിക സെസോ സർചാർജോ നികുതിയോ ഏർപ്പെടുത്തണമെന്ന നിർദേശമാണ് പരിഗണിക്കുന്നത്. വിദേശ നാണയ ശേഖരം കുത്തനെ കുറയുന്ന സാഹചര്യത്തിൽ വിദേശയാത്രകൾ ഒഴിവാക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഇന്ത്യയ്ക്കാരോട് ആവശ്യപ്പെട്ടിരുന്നു. സ്വർണം വാങ്ങുന്നതിനും ഇന്ധന ഉപഭോഗത്തിലും നിയന്ത്രണം വേണമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു. തൊട്ടുപിന്നാലെ കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ ആറിൽ നിന്നും 15 ശതമാനമായി ഉയർത്തി. ഇന്ധന ഉപഭോഗം നിയന്ത്രിക്കാൻ പെട്രോൾ, ഡീസൽ എന്നിവയുടെ വർദ്ധിപ്പിച്ചു. വിദേശയാത്രയുടെ ചെലവ് വർദ്ധിപ്പിച്ച് ഉപഭോക്താക്കളെ നിരുത്സാഹപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.
ഡോളർ ഡിമാൻഡ് കുറയ്ക്കുക ലക്ഷ്യം
വിദേശ ടൂറിസം ഗണ്യമായി ഉയർന്നതോടെ രാജ്യത്തിനകത്ത് നിന്ന് വലിയ തോതിൽ ഡോളർ പുറത്തേക്ക് ഒഴുകുന്ന സാഹചര്യമുണ്ട്. ഇറക്കുമതി ചെലവ് കുത്തനെ ഉയർന്നതിനാൽ വ്യാപാര കമ്മിയും ബാലൻസ് ഒഫ് അക്കൗണ്ടും പുതിയ വെല്ലുവിളി നേരിടുന്നതിനാൽ ഡോളർ ഡിമാൻഡ് കുറയ്ക്കാനാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. രൂപയുടെ മൂല്യത്തകർച്ച നേരിടാനും വിദേശ യാത്രാ നിരോധനം സഹായമാകും.
അഭ്യൂഹം തള്ളി മോദി
വിദേശയാത്രയ്ക്ക് പൗരന്മാരിൽ നിന്ന് തീരുവ ഈടാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നുവെന്ന അഭ്യൂഹം പ്രധാനമന്ത്രി നരേന്ദ്രമോദി തള്ളി. തരി പോലും സത്യമില്ലാത്ത കാര്യം. വിദേശയാത്രയ്ക്ക് അത്തരം നിയന്ത്രണങ്ങൾ വയ്ക്കുന്ന ചോദ്യമേ ഉദിക്കുന്നില്ലെന്നും മോദി എക്സിൽ കുറിച്ചു.