മഴയിൽ നിക്ഷേപിച്ചും കാശുണ്ടാക്കാം

Friday 22 May 2026 12:37 AM IST

മഴയുടെ അവധി വ്യാപാരവുമായി എൻ.സി.ഡി.എക്സ്

കൊച്ചി: ഓഹരികൾ പോലെ മുംബയിലെ മഴ കണക്കുകളിൽ നിക്ഷേപിച്ച് ലാഭമുണ്ടാക്കാവുന്ന അവധി വ്യാപാര കരാറുകൾക്ക് കാർഷിക കമ്പോള എക്‌സ്‌ചേഞ്ചായ നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ് എക്‌സ്ചേഞ്ച് (എൻ.സി.ഡി.എക്‌സ്) തുടക്കമിട്ടു. ഇന്ത്യയിലെ ആദ്യ കാലാവസ്ഥാ അധിഷ്ഠിത എക്സ്ചേഞ്ച് ട്രേഡഡ് ഡെറിവേറ്റീവ് കോൺട്രാക്‌റ്റായ മുംബയ് റെയിനിലാണ് നിക്ഷേപ അവസരം. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (ഐ.എം.ഡി) കണക്കുകൾ അടിസ്ഥാനമാക്കിയാണ് കോൺട്രാക്‌റ്റ് തയ്യാറാക്കുക.

നൂറ്റാണ്ടുകളായി കാർഷിക, ധനകാര്യ മേഖലകളെ നേരിട്ട് ബാധിക്കുന്ന കാലവർഷ അനിശ്ചിതത്വങ്ങളിലെ നഷ്‌ട സാദ്ധ്യത മറികടക്കാൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മുംബയ് റെയിൻ അവസരമൊരുക്കുമെന്ന് എൻ.സി.ഡി.എക്‌സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്‌ടറുമായ അരുൺ രാസ്‌തേ പറഞ്ഞു.

മഴ ലഭ്യതയിലെ ചാഞ്ചാട്ടം മൂലമുള്ള നഷ്‌ടം മറികടക്കാൻ സ്ഥാപനങ്ങളെ സഹായിക്കുന്ന തരത്തിലാണ് കോൺട്രാക്‌റ്റിന് രൂപം നൽകിയിട്ടുള്ളത്. കോൺട്രാക്‌റ്റുകൾ ക്യാഷ് സെറ്റിൽഡാണ്. മൺസൂൺ സീസണിലെ ദീർഘകാല ശരാശരി മഴപ്പെയ്‌ത്തും യഥാർത്ഥത്തിലുള്ള മഴലഭ്യതയിലെ വ്യതിയാനവും കണക്കിലെടുത്ത് കോൺട്രാക്‌റ്റുകൾ ഒപ്പുവയ്‌ക്കാം. ജൂൺ, ജൂലായ്, ആഗസ്‌റ്റ്, സെപ്തംബർ മാസങ്ങളിലെ കോൺട്രാക്‌റ്റുകൾ മാത്രമാണ് വ്യാപാരത്തിനെത്തുക.