ലാഭക്കൊടുമുടിയിൽ പൊതുമേഖല എണ്ണക്കമ്പനികൾ

Sunday 24 May 2026 12:33 AM IST

റഷ്യൻ എണ്ണ വൻനേട്ടമായി

കൊച്ചി: ആഗോള ക്രൂഡോയിൽ വിപണിയിലെ അനിശ്ചിതത്വങ്ങൾ മറികടന്ന് രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികൾ കഴിഞ്ഞ സാമ്പത്തിക വർഷം റെക്കാഡ് അറ്റാദായം കൈവരിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(ഐ.ഒ.സി), ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ(എച്ച്.പി.സി.എൽ) തുടങ്ങിയ കമ്പനികളുടെ സംയുക്ത ലാഭം 2025-26 വർഷത്തിൽ 77,280 കോടി രൂപയാണ്.

ആദ്യ പത്ത് മാസക്കാലയളവിൽ ക്രൂഡോയിൽ വില കുറഞ്ഞ തലത്തിലായിരുന്നതും റഷ്യൻ എണ്ണയുടെ ഉയർന്ന ലഭ്യതയുമാണ് കമ്പനികൾക്ക് ലോട്ടറിയായത്. അമേരിക്കയുടെ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ വൻ ഡിസ്‌കൗണ്ടിലാണ് റഷ്യയിൽ നിന്ന് കമ്പനികൾക്ക് ക്രൂഡോയിൽ ലഭിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ ഐ.ഒ.സിയുടെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വർഷം 184 ശതമാനം വർദ്ധനയോടെ 36,802 കോടി രൂപയിലെത്തി. കമ്പനിയുടെ മൊത്തം വരുമാനം 8.86 ലക്ഷം കോടി രൂപയാണ്.

ബി.പി.സി.എല്ലിന്റെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വർഷം 75.5 ശതമാനം ഉയർന്ന് 23,303 കോടി രൂപയിലെത്തി. അവലോകന കാലയളവിൽ വരുമാനം 4.46 ശതമാനം ഉയർന്ന് 5.23 ലക്ഷം കോടി രൂപയായി. എച്ച്.പി.സി.എൽ അറ്റാദായം 133 ശതമാനം കുതിപ്പോടെ 17,175.23 കോടി രൂപയിലെത്തി.

കടം കുറയുന്നു

റിഫൈനിംഗ് മാർജിൻ കൂടിയതോടെ കഴിഞ്ഞ സാമ്പത്തിക വർഷം എണ്ണക്കമ്പനികളുടെ കടം ഗണ്യമായി കുറഞ്ഞു. റഷ്യൻ ഓയിൽ ലഭ്യത കുത്തനെ കൂടിയതോടെ പെട്രോൾ, ഡീസൽ എന്നിവ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ ഉത്പാദന ചെലവ് കുറയ്ക്കാനായി. ആഗോള വിപണിയിൽ വില കുറഞ്ഞിട്ടും നാല് വർഷമായി ആഭ്യന്തര വിപണിയിൽ വിൽപ്പന വിലയിൽ മാറ്റം വരുത്താതിരുന്നതാണ് നേട്ടമായത്. ഐ.ഒ.സിയുടെ മൊത്തം കടം മാർച്ച് 31 വരെയുള്ള കാലയളവിൽ 18 ശതമാനം കുറഞ്ഞ് 1,10,668 കോടി രൂപയിലെത്തി. എച്ച്.പി.സി.എല്ലിന്റെ കടം 47,599 കോടി രൂപയായി താഴ്ന്നു.

സർക്കാരിന് കൈനിറയെ കാശ്

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മികച്ച ലാഭവിഹിതമാണ് എണ്ണക്കമ്പനികൾക്ക് കൈമാറുന്നത്. ഐ.ഒ.സി 12.5 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതിൽ സിംഹഭാഗവും മുഖ്യ ഓഹരിയുടമയായ കേന്ദ്ര സർക്കാരിന് ലഭിക്കും. എച്ച്.പി.സി.എൽ ഓഹരി ഒന്നിന് 19.25 രൂപ ലാഭവിഹിതമായി നൽകും.

കമ്പനികളുടെ അറ്റാദായം

2024-25 സാമ്പത്തിക വർഷം

33,602 കോടി രൂപ

2025-26 സാമ്പത്തിക വർഷം

77,280 കോടി രൂപ