SignIn
Kerala Kaumudi Online
Saturday, 27 April 2024 3.16 AM IST

സ്വർണക്കള്ളക്കടത്ത് തടയാൻ ഇറക്കുമതിച്ചുങ്കം കുറയ്ക്കണം

malabar-gold

 സ്വർണാഭരണ, രത്ന കയറ്റുമതി വർദ്ധിപ്പിക്കാൻ സ്വർണനയം വേണമെന്നും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ചെയർമാൻ എം.പി.അഹമ്മദ്

കോഴിക്കോട്: ഇന്ത്യയിലേക്കുള്ള സ്വർണക്കള്ളക്കടത്ത് തടയാൻ ഇറക്കുമതിച്ചുങ്കം കുറയ്ക്കണമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് സ്ഥാപകനും ചെയർമാനുമായ എം.പി.അഹമ്മദ് പറഞ്ഞു. സ്വർണ ഇറക്കുമതി കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് ചുങ്കം കൂട്ടിയത്. എന്നാൽ, പ്രായോഗികമായി ഈ നിഗമനം തെറ്റാണെന്ന് നമുക്ക് മനസിലാകും.

ഇറക്കുമതിയിൽ നേരിയ കുറവുണ്ടായത് സ്വർണത്തിന്റെ ആവശ്യമോ ഉപഭോഗമോ കുറഞ്ഞതുകൊണ്ടല്ല, കള്ളക്കടത്ത് കൂടിയതിനാലാണ്. ഇറക്കുമതിത്തീരുവ കുറച്ചാൽ സർക്കാരിനുണ്ടാവുന്ന വരുമാനക്കുറവ് ആഭ്യന്തര വില്പന, കയറ്റുമതി എന്നിവയുടെ വർദ്ധനയിലൂടെ നികത്താനാകും. അമേരിക്ക, ബ്രിട്ടൻ, ചൈന, സിംഗപ്പൂർ, മലേഷ്യ, ജി.സി.സി എന്നിവിടങ്ങളിൽ സ്വർണത്തിന് ഇറക്കുമതിച്ചുങ്കമില്ലെന്നത് ശ്രദ്ധിക്കണം.

സ്വർണത്തിന്റെ ആഭ്യന്തരവില കുറഞ്ഞാൽ ഗ്രാമങ്ങളിൽ ഉൾപ്പെടെ ഡിമാൻഡ് കൂടും. വില്പന കൂടും. അത് സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടമാകും. ജി.എസ്.ടി വരുമാനം ഉയരും. ജുവലറിരംഗത്ത് തൊഴിലവസരങ്ങൾ വർദ്ധിക്കും. ജനങ്ങളുടെ വരുമാനത്തിൽ അത് പ്രതിഫലിക്കും.

സംഘടിതവിപണി മുന്നോട്ട്

നിയമാനുസൃതം പ്രവർത്തിക്കുന്ന സ്വർണാഭരണ റീട്ടെയിലർമാർ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. 100 ശതമാനം ഗുണനിലവാരം റീട്ടെയിലർമാർ ഉറപ്പാക്കുന്നതാണ് കാരണം. 100 ശതമാനം ബൈബാക്ക് ഗ്യാരന്റി, അജീവനാന്ത സൗജന്യ മെയിന്റനൻസ്, സൗജന്യ ഇൻഷ്വറൻസ് എന്നിങ്ങനെ കൂടുതൽ സേവനങ്ങളും ആനുകൂല്യങ്ങളും അവർക്ക് നൽകാൻ സാധിക്കുന്നു.

'വൺ ഇന്ത്യ, വൺ റേറ്റ്" എന്ന നയം മലബാർ ഗോൾഡ് നടപ്പാക്കി. ഇന്ത്യയിൽ 162 ഉൾപ്പെടെ ലോകത്താകെ മലബാർ ഗോൾഡിന് 301 ഷോറൂമുകളുണ്ട്. ഇന്ത്യയിലെമ്പാടും സ്വർണത്തിന് ഒരേനികുതിയാണ്. എന്നിട്ടും ഏകീകൃതവിലയില്ല. 'വൺ ഇന്ത്യ, വൺ റേറ്റ്" പദ്ധതിപ്രകാരം ഏകീകൃത വില ഉറപ്പാക്കി ഉപഭോക്താവിന്റെ അവകാശമാണ് മലബാർ ഗോൾഡ് സംരക്ഷിക്കുന്നത്. സർക്കാരിന്റെയും ജുവലറി അസോസിയേഷനുകളുടെയും കൂട്ടായ തീരുമാനത്തിലൂടെ ഏകീകൃതവില എല്ലായിടത്തും നടപ്പാക്കണം.

വേണം ഡിജിറ്റൽ ട്രാക്കിംഗ്

ഇറക്കുമതിത്തീരുവ കൂട്ടിയപ്പോൾ സ്വർണക്കള്ളക്കടത്തും കള്ളക്കടത്തുകാരുടെ ലാഭവും കൂടിയെന്നല്ലാതെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണമൊന്നും ഉണ്ടായില്ല. 15 ശതമാനം ഇറക്കുമതി തീരുവയും 3 ശതമാനം ജി.എസ്.ടിയുമാണ് സ്വർണത്തിനുള്ളത്.

കള്ളക്കടത്തുകാർ 250-300 രൂപ കുറച്ചാണ് സ്വർണം വിൽക്കുന്നത്. ഓരോവർഷവും 4,​000 ടൺ സ്വർണം കള്ളക്കടത്തായി ഇന്ത്യയിലെത്തുന്നു എന്നാണ് അനൗദ്യോഗിക കണക്ക്. ഇത് സർക്കാരിനെയാണ് ദോഷകരമായി ബാധിക്കുക. കള്ളക്കടത്ത് മാഫിയ,​ കള്ളപ്പണം വെളുപ്പിക്കൽ,​ മയക്കുമരുന്നിന് പണം നൽകൽ,​ തീവ്രവാദം പ്രോത്സാഹിപ്പിക്കൽ,​ ബാലവേല ഉൾപ്പെടെ മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങിയ സാമൂഹികപ്രശ്‌നങ്ങൾ രാജ്യത്ത് വർദ്ധിക്കും.

സ്വർണക്കള്ളക്കടത്ത് തടയാനും ഓരോ ഇടപാടും സുതാര്യമായി രേഖപ്പെടുത്താനും ഡിജിറ്റൽ ട്രാക്കിംഗ് സിസ്‌റ്റം ഏർപ്പെടുത്തിയാൽ 5 ലക്ഷം കോടി ഡോളറെന്ന സമ്പദ്‌വ്യവസ്ഥയിലേക്ക് നമുക്ക് അതിവേഗം കുതിക്കാനാകും.

കയറ്റുമതി കുതിക്കണം

സ്വർണക്കള്ളക്കടത്ത് തടയാനായി ഇക്കുറി ബഡ്‌ജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണം. യു.എ.ഇ.,​ ഹോങ്കോംഗ്,​ സ്വിറ്റ്‌സർലൻഡ് തുടങ്ങിയ മുൻനിര സ്വർണവിപണികളോട് മത്സരിക്കാൻ ആഭരണകയറ്റുമതി സർക്കാർ പ്രോത്സാഹിപ്പിക്കണം.

'മെയ്ക്ക് ഇൻ ഇന്ത്യ മാർക്കറ്റ് ടു ദ വേൾഡ്" എന്ന ആശയത്തിലൂന്നി പ്രവർത്തിച്ചാൽ ഇന്ത്യയെ ലോകത്തിന്റെ ജുവലറി ഹബ്ബാക്കാം. 2021-22ൽ ജുവലറി കയറ്റുമതി 32 ബില്യൺ ഡോളറായിരുന്നു. നടപ്പുവർഷം ഇത് 45 ബില്യൺ ഡോളറിലെത്തിയേക്കും.

ജി.ഡി.പിയിലെ തിളക്കം

ജി.ഡി.പി വളർച്ചയിൽ ഇന്ത്യയുടെ മുന്നേറ്റം സ്വർണ,​ രത്നാഭരണ വ്യവസായത്തിനും നേട്ടമാകും. നിർമ്മാണമേഖലയിലെ ഇന്ത്യയുടെ വളർച്ച വരുംകാലങ്ങളിൽ പ്രകടമാകും.

ഈവർഷം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആഗോള വിപുലീകരണ പദ്ധതിയുടെ ചുവടുപിടിച്ച് രാജ്യത്തെ എല്ലാ മാനുഫാക്‌ചറിംഗ് ഹബ്ബുകളിലും ആഭരണനിർമ്മാണ ശാലകൾ തുറക്കും. എല്ലാ സംസ്ഥാനങ്ങളിലേക്കും റീട്ടെയിൽ സാന്നിദ്ധ്യവും വ്യാപിപ്പിക്കും.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമ്പോഴെല്ലാം സ്വർണത്തിന്റെ ഡിമാൻഡ് കൂടാറുണ്ട്. കയറ്റുമതിയിൽ മാന്ദ്യമുണ്ടായാലും ശക്തമായ ആഭ്യന്തര ബിസിനസിലൂടെ അത് പരിഹരിക്കപ്പെടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MP AHAMMED, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.