ശ്രീനഗർ: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മേഘവിസ്ഫോടനത്തിലും ഒരു കുടുംബത്തിലെ ഏഴ് പേർ ഉൾപ്പെടെ 11 പേർ മരിച്ചു. ജമ്മു കാശ്മീരിലെ റിയാസി, റംബാൻ ജില്ലകളിലാണ് സംഭവം. റിയാസി ജില്ലയിലെ ബദ്ദർ ഗ്രാമത്തിലെ 38കാരനായ നസീർ അഹമ്മദിന്റെ വീട്ടിലാണ് രാത്രി ഉണ്ടായ മണ്ണിടിച്ചിലിൽ വൻ ദുരന്തമുണ്ടായത്. അഹമ്മദും ഭാര്യയും അഞ്ചിനും 13നും ഇടയിൽ പ്രായമുള്ള അവരുടെ അഞ്ച് കുട്ടികളുമാണ് ഇവിടെ മരിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം റംബാൻ ജില്ലയിലെ രാജ്ഗ്രഹ് ഗ്രാമത്തിലെ ഒരു സ്കൂളിൽ മേഘവിസ്ഫോടനം ഉണ്ടായതിനെത്തുടർന്ന് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അഞ്ച് പേർ മരിക്കുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഓം രാജ്, വിദ്യാ ദേവി, ദ്വാരക നാഥ്, പേര് വെളിപ്പെടുത്താത്ത ഒരാളുടെ മൃതദേഹവും രക്ഷാപ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്. കാണാതായ ഒരാൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചായായ പ്രകൃതി ദുരന്തങ്ങളിൽ 160 ലധികം പേരുടെ ജീവനാണ് അപഹരിച്ചത്. അതിൽ ഏറെ പേരും തീർത്ഥാടകരായിരുന്നു. ജമ്മുവിലെ കത്രയ്ക്കും രാജ്യത്തെ മറ്റു ഭാഗങ്ങളിലേക്കുമുള്ള ട്രെയിൻ സർവീസുകൾ അഞ്ചാം ദിവസവും നിർത്തിവച്ചിരിക്കുകയാണ്, ശ്രീനഗർ-ജമ്മു ദേശീയ പാത വ്യാപകമായ നാശനഷ്ടങ്ങളെ തുടർന്ന് അടച്ചു. കാശ്മീരിലേക്കുള്ള പ്രധാന ലിങ്ക് റോഡ് വീണ്ടും എപ്പോൾ തുറക്കുമെന്ന് വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.
ജമ്മു ഡിവിഷനിലുള്ള എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും അടച്ചിടും. ജില്ലകളിലെ വിവിധയിടങ്ങളിൽ ആശങ്ക നിറഞ്ഞ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഒമ്പത് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്താൻ ഇന്റർനെറ്റ് കണക്ടിവിറ്റിയും മറ്റും ലഭ്യമാക്കുന്നതിനുള്ള സാദ്ധ്യത വിലയിരുത്താൻ സ്ഥാപന മേധാവികൾക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |