ഒരു കാലത്ത് വിരസവും ആവർത്തിച്ചുള്ളതുമായ ജോലികൾ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയായിരുന്നു ആർട്ടിഫഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചത്. എന്നാൽ ഇന്ന് കാലം മാറി, ഒരു മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ ഇന്നത്തെ കാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് വലിയ പ്രാധാന്യമാണുള്ളത്. ഇന്ന് പല ജോലികളും മനുഷ്യർക്ക് വേണ്ടി ചെയ്യുന്നത് എഐ ആണ്. ഇത് ഭാവിയിൽ വലിയ തോതിൽ വളരുമെന്ന കാര്യത്തിൽ സംശയമില്ല. അടുത്തിടെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു പഠനത്തിൽ യുഎസിന്റെ തൊഴിൽ വിപണിയെ എഐ പുനർനിർമ്മിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രസ്താവിച്ചിരുന്നു.
മാത്രമല്ല, എഐ എല്ലാവരെയും ഒരു പോലെ ബാധിക്കില്ലെന്നും 22നും 25നും ഇടയിൽ പ്രായമുള്ളവർക്കാണ് കൂടൂതൽ ആഘാതം ഏൽപ്പിക്കുകയെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ എറിക് ബ്രൈൻജോൾഫ്സണിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ പറയുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. 22നും 25നും ഇടയിൽ പ്രായമുള്ള തൊഴിലാളികൾക്കിടയിൽ 13 ശതമാനം ആപേക്ഷിക തൊഴിൽ ഇടിവ് ഉണ്ടായതായി സ്റ്റാൻഫോർഡ് ഗവേഷണം കണ്ടെത്തി.
2022 മുതലാണ് ഈ ഇടിവ് രേഖപ്പെടുത്താൻ ആരംഭിച്ചത്. ഈ സമയത്താണ് ചാറ്റ്ജിപിടി, കോപൈലറ്റ് പോലുള്ള എഐ ടൂളുകൾ കൂടുതൽ പ്രചാരണം നേടിയത്. ഈ കണക്കിന് വിപരീതമായാണ് പ്രായമായ തൊഴിലാളികളുടെ കണക്കുകൾ. കൂടുതൽ പ്രായോഗികമായ തൊഴിലുകളിൽ പ്രായമായ തൊഴിലാളികൾക്ക് 6 ശതമാനം മുതൽ 9 ശതമാനം വരെ തൊഴിൽ വർദ്ധനവ് രേഖപ്പെടുത്തി. അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, അഡ്മിനിസ്‌ട്രേറ്റീവ് ജോലികൾ, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, വിൽപ്പന തുടങ്ങിയ മേഖലകളിലും സമാനമായ പാറ്റേണുകൾ പ്രകടമായി.
പ്രായക്കൂടുതലുള്ള തൊഴിലാളികൾക്ക് ധാരാളം തൊഴിലിൽ ആഴമേറിയ അറിവുണ്ട്, കാരണം അവർ അനുഭവത്തിൽ നിന്നാണ് തൊഴിൽ തന്ത്രങ്ങൾ പഠിച്ചെടുക്കുന്നത്. അതൊരിക്കലും എവിടെയും എഴുതിവയ്ക്കാൻ സാദ്ധ്യതയില്ല. വൻകിട സ്ഥാപനങ്ങളിൽ പഠിച്ചവർക്കുപോലും ലഭിക്കാത്ത അറിവുകളാണ് അവർക്ക് വിപണിയിൽ നിന്ന് ലഭിക്കുന്നത്. അതുകൊണ്ട് അവരെ മാറ്റിസ്ഥാപിച്ച് ഒരു റിസ്‌ക് എടുക്കാൻ ഒരു കമ്പനിയും തയ്യാറാവില്ല.
ഈ പ്രായത്തിലുള്ളവർ എന്തു ചെയ്യും?
സ്റ്റാൻഫോർഡിന്റെ റിപ്പോർട്ട് പൂർണമായും നിരാശാജനകമല്ല. തൊഴിലാളികളെ വർദ്ധിപ്പിക്കാൻ എഐ ഉപയോഗിക്കുന്ന തൊഴിലുകളിൽ അവസരങ്ങൾ വർദ്ധിച്ചുവരുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, വിഷയത്തിൽ ഗവേഷണം നടത്താൻ എഐ ഉപയോഗിക്കുന്ന ജീവനക്കാരെയോ അല്ലെങ്കിൽ അത് പൂർത്തിയാക്കിയ ശേഷം അവരുടെ ജോലി രണ്ടുതവണ പരിശോധിക്കുന്നവരെയോ എടുക്കുക. മുഴുവൻ ജോലികളും എഐ ഉപകരണങ്ങൾക്ക് കൈമാറുന്നവരെ അപേക്ഷിച്ച് ഈ തൊഴിലാളികൾക്ക് അപകടസാദ്ധ്യത കുറവാണ്.
സാങ്കേതികവിദ്യ എല്ലായ്‌പ്പോഴും തൊഴിലവസരങ്ങൾ നശിപ്പിക്കുകയും എല്ലായ്‌പ്പോഴും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവെന്ന് പറയുന്നത് ന്യായമാണെന്ന് ഞാൻ കരുതുന്നെന്ന് ബ്രൈൻജോൾഫ്സണെ പറഞ്ഞു. എഐ വേതനത്തിൽ ഇടിവുണ്ടാക്കുമെന്ന് പലരും ഭയപ്പെടുന്നുണ്ടെങ്കിലും, വിവിധ പ്രായക്കാർക്കുള്ള ശമ്പളം വലിയതോതിൽ സ്ഥിരത പുലർത്തുന്നുണ്ടെന്നും പഠനം കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |