മുംബയ്: 2008ലെ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ ആദ്യ എഡിഷനിടെ ഹർഭജൻ സിംഗ് ശ്രീശാന്തിനെ തല്ലിയ വീഡിയോ പുറത്തു വിട്ട സംഭവത്തിൽ മുൻ ഐപിഎൽ ചെയർമാൻ ലളിത് മോഡിക്കെതിരെ രൂക്ഷവിമർശനവുമായി ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരി. ചീപ്പ് പബ്ളിസിറ്റിക്കും കാഴ്ചക്കാരെ കൂട്ടുന്നതിനുമാണ് 2008ലെ സംഭവം വീണ്ടും വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതെന്ന് ഭുവനേശ്വരി കുമാരി സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരിച്ചു. മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മൈക്കൽ ക്ലാർക്കിനെയും ശക്തമായി വിമർശിച്ചുകൊണ്ട് അവർ രംഗത്തെത്തി.
18 വർഷത്തിനുശേഷം വീഡിയോ പുറത്തുവിടുന്നത് പഴയ മുറിവുകൾ വീണ്ടും സൃഷ്ടിക്കാനും അതിൽ ഉൾപ്പെട്ടവരെ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെ കൂടി വേദനിപ്പിക്കാൻ മാത്രമേ ഇത്തരം കാര്യങ്ങൾ സഹായിക്കൂ എന്ന് ഭുവനേശ്വരി കുമാരി പറയുന്നു.
'മനുഷ്യത്വരഹിതവും ഹൃദയശൂന്യവുമായ പ്രവൃത്തിയാണ്. ഒരുപാട് കഷ്ടപ്പാടുകൾക്ക് ശേഷം, ശ്രീശാന്തിന് അഭിമാനിക്കാൻ കഴിയുന്ന ഒരു ജീവിതം അദ്ദേഹം കെട്ടിപ്പടുത്തിട്ടുണ്ട്. 18 വർഷത്തിനുശേഷം ആ രംഗങ്ങൾ വീണ്ടും കൊണ്ടുവരുന്നത് വേദനയുണ്ടാക്കുന്നതാണ്. ഇത് ക്രിക്കറ്റ് താരങ്ങളെ മാത്രമല്ല വേദനിപ്പിക്കുക. ഇനി എന്റെ കുട്ടികളും അവരുടേതല്ലാത്ത ഒരു കുറ്റത്തിന് ചോദ്യങ്ങൾ നേരിടേണ്ടിവരും' -ഭുവനേശ്വരി കുമാരി പറഞ്ഞു.
'ഇത്തരമൊരു കാര്യം ചെയ്തതിന് നിങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണം. ശ്രീശാന്ത് കരുത്തും വ്യക്തിത്വവുമുള്ള ആളാണ്. ഒരു ദൃശ്യങ്ങൾക്കും അത് ഇല്ലാതാക്കാൻ കഴിയില്ല. സ്വന്തം നേട്ടങ്ങൾക്കായി കുട്ടികളെയും കുടുംബങ്ങളെയും വേദനിപ്പിക്കുന്നതിന് മുമ്പ്, ദൈവത്തെക്കുറിച്ച് ചിന്തിക്കുക.'' - ഭുവനേശ്വരി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |