വിവാഹച്ചടങ്ങുകളിൽ സ്വർണം അപ്രത്യക്ഷമാകും? വില കുതിച്ചുയരുന്നു, പവന് നൽകണം 70,160 രൂപ

Saturday 12 April 2025 10:49 AM IST

തിരുവനന്തപുരം: സാധാരണക്കാർക്ക് അന്യമാകുംവിധം സ്വർണത്തിന്റെ വില കുതിച്ചുയരുന്നു. ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് 200 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 70,160 രൂപയിൽ എത്തി. ഈ വ്യാഴാഴ്ച സ്വർണത്തിന്റെ വില 2160 രൂപയും വെള്ളിയാഴ്ച 1,480 രൂപയും കൂടിയിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ മാത്രം കൂടിയത് 4360 രൂപയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് ഇതാദ്യമായി 3235 ഡോളറിൽ എത്തി.

ഇപ്പോൾ ഒരു ഗ്രാം സ്വർണം ലഭിക്കാൻ 8770 രൂപ നൽകണം. ഇതിനുപുറമെ പണിക്കൂലിയും ജിഎസ്ടിയും വേറെ. സ്വർണത്തിന് ഡിമാൻഡ് കൂടിയതാണ് വിലയിലെ കുതിപ്പിന് പ്രധാന കാരണം. വിവിധ രാജ്യങ്ങൾ ചുമത്തിയ തീരുവ താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ ചൈന വൻതോതിൽ വർദ്ധിപ്പിച്ചതാണ് പെട്ടെന്നുള്ള ഡിമാൻഡ് വർദ്ധനയ്ക്ക് കാരണമായത്.

അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധം ശക്തിയാർജിച്ചതോടെ നിക്ഷേപകർ സുരക്ഷിതത്വം തേടി സ്വർണം വാങ്ങിക്കൂട്ടിയതോടെ രാജ്യാന്തര വിപണിയിൽ വില ഉയർന്നു. ചുങ്കപ്പോര് കടുത്തതോടെ ചൈനയുടെ പക്കലുള്ള 76,000 കോടി ഡോളർ ട്രഷറി ബോണ്ടുകൾ വിറ്റഴിക്കുമെന്ന ഭീഷണിയാണ് സ്വർണത്തിന് പ്രിയം വർദ്ധിപ്പിച്ചത്. ഇപ്പോഴത്തെ വിലയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലിയും നികുതിയും സെസുമടക്കം 75,000 രൂപയിലധികമാകും.

അതേസമയം, സ്വർണവില വർദ്ധിച്ചതോടെ കേരളത്തിലെ കടകളിൽ തിരക്ക് വളരെ കുറവാണ്. സംസ്ഥാനത്തെ പല കടകളും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്ന സ്വർണക്കച്ചവടക്കാരുടെ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. വില വർദ്ധനവ് ഇങ്ങനെ തുടർന്നാൽ വിവാഹച്ചടങ്ങുകളിൽ നിന്ന് സ്വർണം അപ്രത്യക്ഷമാകുന്ന കാലം അധികം വൈകാതെ വന്നേക്കാം.