നെഞ്ചിടിപ്പിച്ച് സ്വർണവില; ഒറ്റ ദിവസംകൊണ്ട് പവന്‌ കൂടിയത് പതിനായിരത്തിലധികം രൂപ

Wednesday 13 May 2026 9:54 AM IST

തിരുവനന്തപുരം: ഇറക്കുമതി തീരുവ 15 ശതമാനമായി വർദ്ധിപ്പിച്ചതിന് പിന്നാലെ സ്വർണവില കുതിച്ചുയർന്നു. ഇന്നലെ 1,12,920 രൂപയായിരുന്ന ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,23,120 രൂപയായി. ഒറ്റ ദിവസംകൊണ്ട് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 10200 രൂപയാണ് വർദ്ധിച്ചത്. ഗ്രാമിന് 1275 രൂപയും കൂടി. ഈ മാസത്തെ ഏറ്റവും വലിയ സ്വർണവിലയാണിത്. ഒറ്റദിവസം കൊണ്ട് ഇത്രയധികം വില വർദ്ധിക്കുന്നത് ആദ്യമായാണെന്ന് വ്യാപാരികൾ അഭിപ്രായപ്പെടുന്നു.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില രേഖപ്പെടുത്തിയത് മേയ് അഞ്ചിനായിരുന്നു.1,09,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ അന്നത്തെ വില. വെള്ളിയുടെ വിലയിലും വലിയ വർദ്ധനവാണുണ്ടായിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 320 രൂപയും 10 ഗ്രാം വെള്ളിക്ക് 3200 രൂപയിലുമാണ് ഇപ്പോൾ കച്ചവടം നടക്കുന്നത്.

സ്വർണത്തിന്റെ ഇറക്കുമതി കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം ഇറക്കുമതി തീരുവ കൂട്ടിയത്. നേരത്തെ ആറ് ശതമാനമായിരുന്ന തീരുവയിൽ ഒമ്പത് ശതമാനത്തിന്റെ വർദ്ധനവാണുണ്ടായിരിക്കുന്നത്. വിവാഹ ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് പിടിച്ചുനിർത്താനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമാണ് നീക്കമെന്നാണ് വിശദീകരണം.