
പുതുക്കോട്ട: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ഭാരവാഹി സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. പുതുക്കോട്ട സെൻട്രൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ശരവണനെയാണ് ജില്ലാ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റുചെയ്തത്. ഏകദേശം 25 കോടി രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
തിരുവപ്പൂർ സ്വദേശിയായ ശരവണൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി പുതുക്കോട്ടയിലെ പ്രമുഖരിൽ നിന്നും സ്വകാര്യ പണമിടപാടുകാരിൽ നിന്നും വൻതോതിൽ പണം ശേഖരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 30 ലക്ഷം മുതൽ 1.5 കോടി രൂപ വരെയാണ് ഇയാൾ ഓരോരുത്തരിൽ നിന്നും വാങ്ങിയിരുന്നത്. നിക്ഷേപങ്ങൾക്ക് വലിയ ലാഭം നൽകാമെന്നായിരുന്നു വാഗ്ദാനം.
ചിലരിൽ നിന്ന് പണം വാങ്ങാനായി തന്റെ അമ്മയുടെ അസുഖം ഉൾപ്പെടെയുള്ള വ്യക്തിപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. 100ലധികം ആളുകളിൽ നിന്നായി 25 കോടിയിലധികം രൂപ ശേഖരിച്ച ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ 15 ദിവസമായി ഇയാളെ ഫോണിൽ പോലും ബന്ധപ്പെടാൻ പറ്റിക്കപ്പെട്ടവർക്ക് സാധിച്ചിരുന്നില്ല. സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് ഭരണകക്ഷിയിലെ സ്വാധീനം ഉപയോഗിച്ച് ഇയാൾ കേസിൽ നിന്ന് രക്ഷപ്പെടുമെന്ന് ഭയന്ന് നിക്ഷേപകർ പുതുക്കോട്ട എസ്പിക്ക് പരാതി നൽകുകയായിരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ നിരവധി പരാതികൾ ലഭിച്ചതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി.
മറ്റൊരു സംസ്ഥാനത്ത് ഒളിവിൽ കഴിയുകയായിരുന്ന ശരവണനെ പൊലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ പുതുക്കോട്ടയിലെത്തിച്ചു. അറസ്റ്റ് അറിഞ്ഞ് നൂറിലധികം നിക്ഷേപകർ എസ്പി ഓഫീസിന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു.
ശരവണനെ തങ്ങൾക്ക് വിട്ടുതരണമെന്നും തങ്ങൾ തന്നെ കാര്യങ്ങൾ തീരുമാനിച്ചുകൊള്ളാമെന്നും പറഞ്ഞ് പ്രതിഷേധക്കാർ ബഹളം വച്ചു. തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് പ്രതിഷേധക്കാരെ ശാന്തരാക്കിയത്. ശരവണനെതിരെ കേസെടുത്തെന്നും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു. പണം തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്.
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് പാർട്ടിക്കുള്ളിൽ നിന്നുള്ള അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയും ചെറുകക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുകയും ചെയ്തിരുന്നു. തമിഴ് രാഷ്ട്രീയത്തിലെ ഡിഎംകെ-എഐഎഡിഎംകെ ആധിപത്യത്തിന് അറുതി വരുത്തിയ വിജയത്തിന് പിന്നാലെ പാർട്ടിക്കുണ്ടായ തിരിച്ചടി നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |