ന്യൂഡൽഹി: രാജ്യത്ത് നഗരമേഖലകളിൽ തൊഴിലില്ലായ്‌മനിരക്ക് നടപ്പുവർഷം ഒക്‌ടോബർ-ഡിസംബർപാദത്തിൽ 7.2 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്രസർക്കാരിന്റെ നാഷണൽ സാമ്പിൾ സർവേ വ്യക്തമാക്കി. മുൻവർഷത്തെ സമാനപാദത്തിൽ നിരക്ക് 8.7 ശതമാനമായിരുന്നു. 15 വയസ് മുതൽക്കുള്ളവരുടെ തൊഴിലില്ലായ്‌മനിരക്കാണിത്.
2021ലെ സമാനപാദത്തിൽ തൊഴിലില്ലായ്‌മനിരക്ക് റെക്കാഡ് ഉയരത്തിലായിരുന്നു. കൊവിഡ് പ്രതിസന്ധിയായിരുന്നു ഇതിന് കാരണം. കഴിഞ്ഞ ഏപ്രിൽ-ജൂണിൽ നിരക്ക് 7.6 ശതമാനത്തിലേക്കും തൊട്ടടുത്തപാദത്തിൽ 7.2 ശതമാനത്തിലേക്കും കുറഞ്ഞു. 8.2 ശതമാനമായിരുന്നു കഴിഞ്ഞവർഷം ജനുവരി-മാർച്ചിൽ തൊഴിലില്ലായ്‌മനിരക്കെന്ന് പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേയും (പി.എൽ.എഫ്.എസ്) വ്യക്തമാക്കി.
പുരുഷന്മാരിൽ തൊഴിലില്ലായ്മനിരക്ക് കഴിഞ്ഞപാദത്തിൽ 8.3 ശതമാനത്തിൽ നിന്ന് 6.5 ശതമാനത്തിലേക്ക് താഴ്‌ന്നുവെന്ന് നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. 6.6 ശതമാനമായിരുന്നു ജൂലായ്-സെപ്തംബറിൽ. 7.7 ശതമാനമായിരുന്നു ഏപ്രിൽ-ജൂണിൽ. വനിതകളുടെ തൊഴിലില്ലായ്മനിരക്ക് കഴിഞ്ഞപാദത്തിൽ 10.5 ശതമാനത്തിൽ നിന്ന് 9.6 ശതമാനമായും കുറഞ്ഞു. 9.4 ശതമാനമായിരുന്നു ജൂലായ്-സെപ്തംബറിൽ. ഏപ്രിൽ-ജൂണിൽ 10.1 ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |