ബംഗളൂരു: കേരളത്തിൽ സോളാർ പദ്ധതിയെ തുരങ്കം വയ്ക്കാൻ ഇലക്ട്രിസിറ്റി ബോർഡും റഗുലേറ്ററി കമ്മീഷനും ആവുന്നത്ര ശ്രമിക്കുമ്പോൾ നമ്മുടെ അയൽ സംസ്ഥാനമായ കർണാടകത്തിൽ സോളാർ പാനൽ സ്ഥാപിക്കുന്നവർക്ക് അധികൃതർ ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നു. പലകാരണങ്ങളാൽ പുരപ്പുറ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിൽ നിന്ന് വിട്ടുനിന്നവരെ ആകർഷിക്കാൻ പദ്ധതി മൊത്തത്തിൽ ഉടച്ചുവാർക്കുകയും ചെയ്തു. ഡിസ്‌ട്രിബ്യൂട്ടഡ് സോളാർ പിവി പ്ലാൻറുകൾ (ഡി എസ് പി വി) എന്നാണ് പദ്ധതിയുടെ പുതിയ പേര്.
ഇതുപ്രകാരം മേൽക്കൂരകളിൽ മാത്രമല്ല കെട്ടിടങ്ങളുടെയും അപ്പാർട്ടുമെന്റുകളുടെയും ചുമരുകളിലും, കാർപോർച്ചുകളിലും, നിലത്ത് തുറസായ സ്ഥലങ്ങളിലും വരെ പാനലുകൾ സ്ഥാപിക്കാൻ കഴിയും. സൂര്യപ്രകാശം തടസമില്ലാതെ വീഴണം എന്നുമാത്രമേയുള്ളൂ. ഇതിനൊപ്പം വെർച്വൽ നെറ്റ് മീറ്ററിംഗ്, ഗ്രൂപ്പ് നെറ്റ് മീറ്ററിംഗ് എന്നിവയിലൂടെ ലാഭകരമായ താരിഫുകൾ ഉപഭോക്താക്കൾക്ക വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഈവർഷം ജൂലായ് ഒന്നുമുതൽ കമ്മീഷൻ ചെയ്ത എല്ലാ പ്രോജക്ടുകൾക്കും ഇത് ബാധകരമായിരിക്കും. അടുത്ത് ഇരുപത്തഞ്ചുവർഷത്തേക്ക് ഇതിന് സാധുത ഉണ്ടായിരിക്കുകയും ചെയ്യും.
സ്വന്തം വീട്ടിലോ, വസ്തുവിലോ സോളാർ പാനൽ സ്ഥാപിക്കാൻ കഴിയാത്തവർക്ക് മറ്റിടങ്ങളിൽ സ്ഥാപിച്ച പാനലുകളിൽ നിന്നുള്ള വൈദ്യുതി പങ്കിടാനുളള അനുവാദവും നൽകിയിട്ടുണ്ട്. ഇരുവർക്കും പ്രയോജനകരമായ രീതിയിലായിരിക്കും ബിൽതുക നിശ്ചയിക്കുന്നത്. അഞ്ച് കിലോവാട്ട് ഉൽപാദനക്ഷമതയുള്ള സോളാർ പ്ലാന്റ് സ്ഥാപിച്ചവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. പ്ലാന്റ് പങ്കിടുന്നത് രണ്ട് ഉപഭോക്താക്കളാണെങ്കിൽ അവരുടെ മൊത്തം ഊർജ ഉപയോഗം പ്ലാന്റിന്റെ മൊത്തം ഉൽപാദനത്തെക്കാൾ കൂടരുതെന്നും നിബന്ധനയുണ്ട്.
അതുപോലെ ഒന്നിലധികം അക്കൗണ്ടുകളുള്ള ഒരു ഉപഭോക്താവിന് അയാളുടെ അക്കൗണ്ടുകൾക്ക് കീഴിലുള്ള പ്ലാന്റുകളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി സംയോജിപ്പിക്കാനും ആ ഉപഭോക്താവിന്റെ മുഴുവൻ വൈദ്യുത ബില്ലുകളുമായി ഇതിനെ ബന്ധപ്പെടുത്താനും കഴിയും.
ഉപഭോക്താക്കൾക്ക് 10 കിലോവാട്ട് വരെ യൂണിറ്റിന് 3.86 രൂപയും 10 കിലോവാട്ടിന് മുകളിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 3.8 രൂപയും ലഭിക്കും. സൗരോർജ പദ്ധതികൾക്ക് നിലവിലുള്ള താരിഫ് ഘടന കണക്കിലെടുക്കുമ്പോൾ ഇത് വളരെ മാന്യമായ താരിഫ് ആണെന്നാണ് വിലയിരുത്തുന്നത്.
കേരളത്തിൽ ഇങ്ങനെ
മറ്റുളള സംസ്ഥാനങ്ങൾ സൗരോർജത്തെ കഴിവിന്റെ പരമാവധി പ്രോത്സാഹിക്കുമ്പോൾ എങ്ങനെ പദ്ധതി ഇല്ലാതാക്കാം എന്ന ആലോചനയിലാണ് കേരളത്തിലെ വൈദ്യുതിബോർഡും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനും. സാധാരണക്കാർക്ക് മനസിലാകാത്ത കണക്കുകൾ നിരത്തിയാണ് സോളാർ വലിയ പ്രശ്നമാണെന്ന് അവർ സ്ഥാപിക്കുന്നത്. മറ്റുസംസ്ഥാനങ്ങൾക്ക് ഇത് ബാധകമല്ലേ എന്ന് ചോദിച്ചാൽ വ്യക്തമായ മറുപടി ഇല്ല. സോളാർ വൈദ്യുതി ചട്ടങ്ങളിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ കൊണ്ടുവരാൻ ആലോചിക്കുന്ന രണ്ട് മാറ്റങ്ങൾ പുരപ്പുറ സോളാർ ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും എന്നാണ് കണക്കാക്കുന്നത്.
പുതിയ ചട്ടം വന്നാൽ സോളാർ ഉപഭോക്താക്കൾ പകൽ സമയം ഉൽപാദിപ്പിച്ച് കെ.എസ്.ഇ.ബി. ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് പകരം ഗ്രിഡിൽ നിന്ന് വൈദ്യുതി തിരിച്ചെടുക്കുന്നതിന് ഒരു ദിവസത്തെ മൂന്നായി തരം തിരിച്ച് വ്യവസ്ഥ കൊണ്ടുവരും. അതോടെ വൈകിട്ട് 6 മുതൽ രാത്രി 10വരെയുള്ള സമയങ്ങളിൽ 67ശതമാനവും രാത്രി 10 മുതൽ രാവിലെ 6വരെയുള്ള സമയത്ത് 85ശതമാനവും മാത്രമാണ് തിരിച്ചെടുക്കാനാകുക.
അതിൽ കൂടുതലുള്ള ഉപയോഗത്തിന് നിലവിലെ ഗാർഹികവൈദ്യുതി താരിഫ് പ്രകാരമുള്ള വില നൽകേണ്ടിവരും.ഇതുമൂലം മൂന്ന് കിലോവാട്ട് സോളാർ പ്ലാന്റ് സ്ഥാപിച്ച് ദിവസം ശരാശരി നാല് യൂണിറ്റ് ഉൽപാദിപ്പിക്കുന്നവർക്ക് 177രൂപയും 4കിലോവാട്ട് പ്ളാന്റിന് 254രൂപയും 5കിലോവാട്ട് പ്ളാന്റിന് 329രൂപയും 10കിലോവാട്ട് പ്ളാന്റിന് 801രൂപയും 20കിലോവാട്ട് പ്ളാന്റിന് 2694രൂപയും നൽകേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |