മുംബയ്: അനിൽ അംബാനിയുടെ ഗ്രൂപ്പ് ഉൾപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധനകൾ വിപൂലീകരിച്ചു. 68.2 കോടി രൂപയുടെ വ്യാജ ബാങ്ക് ഗ്യാരണ്ടി കേസിൽ സമാന്തര അന്വേഷണം ആരംഭിച്ചതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹിയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നൽകിയ കേസിൽ നടന്ന അന്വേഷണത്തിലാണ് സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ 68.2 കോടി രൂപയുടെ വ്യാജ ഗ്യാരണ്ടി ഇഡി കണ്ടെത്തിയത്.
17,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് അംബാനിയെ ചോദ്യം ചെയ്യലിനായി ഇഡി ഇന്ന് വിളിച്ചുവരുത്തിയിട്ടുണ്ട് . 2024 നവംബർ 11-ന് ഡൽഹിയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം രജിസ്റ്റർ ചെയ്ത കേസിനെ അടിസ്ഥാനമാക്കിയാണ് പുതിയ അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി പണമിടപാട് തടയൽ നിയമത്തിലെ സെക്ഷൻ 17പ്രകാരം, മെസ്സേഴ്സ് ബിസ്വാൾ ട്രേഡ്‌ലിങ്ക് പ്രൈവറ്റ് ലിമിറ്റഡുമായും സ്ഥാപനത്തിെന്റെ ഡയറക്ടർമാരുമായും ബന്ധപ്പെട്ട ഭുവനേശ്വറിലെ മൂന്ന് സ്ഥലങ്ങളിൽ ഗ്രൂപ്പിന്റെ ഒരു ഓപ്പറേറ്ററുടെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത എന്നിവയുൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തി.
അനിൽ അംബാനി ഗ്രൂപ്പ് ഓഫ് കമ്പനീസും സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് സമർപ്പിച്ച 68.2 കോടിയുടെ വ്യാജ ബാങ്ക് ഗ്യാരണ്ടിയും തമ്മിലുള്ള ബന്ധം കണ്ടെത്തിയതായി ഫെഡറൽ ഏജൻസി പറഞ്ഞു. മുമ്പ് പിടിച്ചെടുത്ത തെളിവുകൾ നിലവിലെ അന്വേഷണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിവരം. അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട മെസ്സേഴ്സ് റിലയൻസ് എൻയു ബെസ് ലിമിറ്റഡ്, മെസ്സേഴ്സ് മഹാരാഷ്ട്ര എനർജി ജനറേഷൻ ലിമിറ്റഡ് എന്നിവയുടെ പേരിലാണ് വ്യാജ ഗ്യാരണ്ടി നൽകിയതെന്ന് ഇഡി അറിയിച്ചു.
ബാങ്ക് ഗ്യാരണ്ടി പൂർണ്ണമായും വ്യാജമാണെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ ആൾമാറാട്ടം നടത്താൻ വേണ്ടി രൂപകൽപ്പന ചെയ്തെന്നും ഏജൻസി കണ്ടെത്തി. ഗ്യാരണ്ടി യഥാർത്ഥമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നതിനായി, ഗ്രൂപ്പ് എസ്‌ഇസിഐയുമായി ആശയവിനിമയം നടത്താൻ ഔദ്യോഗിക “sbi.co.in” ന് പകരം “s-bi.co.in” എന്ന വ്യാജ ഇമെയിൽ ഡൊമെയ്‌ൻ ഉപയോഗിച്ചതായും ആരോപണമുണ്ട്. ആൾമാറാട്ടത്തിന്റെ ഉത്ഭവം കണ്ടെത്താൻ ഇഡി നാഷണൽ ഇന്റർനെറ്റ് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയിൽ നിന്ന് ഡൊമെയ്ൻ രജിസ്ട്രേഷന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്.
ഇതുവരെയുള്ള ഇഡിയുടെ മറ്റ് കണ്ടെത്തലുകൾ:
കമ്മീഷനായി വ്യാജ ബില്ലുകൾ സംഘടിപ്പിക്കുന്നതിനും ഗ്രൂപ്പ് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.
വെളിപ്പെടുത്താത്ത നിരവധി ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തിയതായി ഇഡി വ്യക്തമാക്കി. ഈ ബാങ്ക് അക്കൗണ്ടുകളിൽ കോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകൾ കണ്ടെത്തി.
ഇഡിയുടെ അഭിപ്രായത്തിൽ കമ്പനി വെറും കടലാസ് സ്ഥാപനമാണ്. സ്ഥാപനത്തിന്റെ രജിസ്റ്റർ ചെയ്ത ഓഫീസ് ഒരു ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള റെസിഡൻഷ്യൽ വസ്തുവാണ്. വിലാസത്തിൽ നിയമപരമായ കമ്പനി രേഖകളൊന്നും കണ്ടെത്തിയിട്ടില്ല.
അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ പ്രവർത്തനക്ഷമമാക്കി, ടെലിഗ്രാം ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്, ഇത് ആശയവിനിമയം മറച്ചുവെക്കാനുള്ള ശ്രമത്തെയാണ് സൂചിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |