ഇന്നും മനുഷ്യന് കണ്ടെത്താൻ കഴിയാത്ത നിരവധി നിഗൂഢതകൾ നിറഞ്ഞ ഒന്നാണ് പ്രപഞ്ചം. ബഹിരാകാശത്ത് കൂടുതൽ പരീക്ഷണങ്ങൾ നടത്തുന്നതിലൂടെ ഏറെ കൗതുകമുള്ള കാര്യങ്ങളാണ് ഒരോ ദിവസവും കണ്ടെത്തുന്നത്. ഇപ്പോഴിതാ ബഹിരാകാശത്ത് ഒരു ബാക്ടീരിയയെ കണ്ടെത്തിയിരിക്കുകയാണ്.
ചെെനീസ് ബഹിരാകാശ നിലയമായ ടിയാൻടോങിലാണ് ഭൂമിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ ബാക്ടീരിയയെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. 'നിയാലിയ ടിയാൻഗോൻജെൻസിസ്' എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. 2023 മേയിൽ ഷെൻഷോ 15 ദൗത്യത്തിനിടെയാണ് ചെെനീസ് ശാസ്ത്രജ്ഞർ ഒറ്റ തിരിഞ്ഞ ഈ ബാക്ടീരിയയെ കണ്ടെത്തുന്നത്.
ബഹിരാകാശത്തെ അതിജീവനം
ജീവജാലങ്ങൾക്ക് ജീവിക്കാനാകാത്ത ബഹിരാകാശത്തെ ഈ ബാക്ടീരിയയുടെ അതിജീവനം ഗവേഷകരെ അമ്പരപ്പിക്കുന്നു. ബഹിരാകാശത്തെ ജീവനെ കുറിച്ചുള്ള പഠനങ്ങളിൽ ഇത് പുതിയ വഴിത്തിരിവായിരിക്കുമെന്നാണ് ഗവേഷകർ കരുതുന്നത്. ബഹിരാകാശത്തെ നിരന്തരമായ വികിരണം, മെെക്രോഗ്രാവിറ്റി, ഓക്സിഡേറ്റീവ് സ്ട്രെസ് എന്നിവ മൂലം ഭൂമിയിലെ അതിജീവനശേഷിയുള്ള സൂക്ഷ്മാണുകൾക്ക് പോലും ബഹിരാകാശത്ത് കഴിയാൻ പറ്റാത്ത അവസ്ഥയാണ്. എന്നാൽ നിയാലിയ ടിയാൻഗോൻജെൻസിസിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ വ്യത്യസ്തമാണെന്ന് ഗവേഷകർ പറയുന്നു.
ബഹിരാകാശത്ത് വസിക്കുന്ന ഈ ബാക്ടീരിയ ഓക്സിഡേറ്റീവ് സ്ട്രെസിനെതിരെ പ്രതിരോധശേഷി നേടിയിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ബഹിരാകാശ സാഹചര്യങ്ങളുമായി ദീർഘ കാലം സമ്പർക്കം പുലർത്തേണ്ടിവരുന്ന ബഹിരാകാശയാത്രികരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ഭാവിയിലെ മെഡിക്കൽ, ബയോളജിക്കൽ സാങ്കേതികവിദ്യകൾക്ക് ഈ ബാക്ടീരിയയും പ്രവർത്തനവും പ്രതിരോധ ശേഷിയും സഹായകമായേക്കാം.
ആദ്യം കണ്ടെത്തിയത്
ബഹിരാകാശ നിലയത്തിലെ ക്രൂ ക്യാബിനിനുള്ളിലാണ് ഈ ബാക്ടീരിയൽ സ്ട്രെയിൻ കണ്ടെത്തിയത്. ബഹിരാകാശ പേടകം പോലുള്ള അടഞ്ഞതും കൃത്രിമവുമായ അന്തരീക്ഷത്തിൽ ഇത്തരം സൂക്ഷ്മജീവികൾ എങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ചുള്ള അറിവും ഈ ബാക്ടീരിയയിൽ നിന്നും ലഭിക്കാം. ക്രൂവിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ദീർഘകാല ബഹിരാകാശ ദൗത്യങ്ങളെ പിന്തുണയ്ക്കുന്നതിനുമായി സൂക്ഷ്മജീവികളുടെ ജീവിതം നിരീക്ഷിക്കുന്ന ചെെന സ്‌പേസ് സ്റ്റേഷൻ ഹാബിറ്റേഷൻ ഏരിയ മെെക്രോബയോ പ്രോഗാമിന്റെ (ചാമ്പ്) ഭാഗമായാണ് ബാക്ടീരിയയെ കണ്ടെത്തിയിരിക്കുന്നത്.
ദോഷം
പൊതുവേ നിരുപദ്രവകാരികളാണ് ബഹിരാകാശ സൂക്ഷ്മാണുകൾ എന്ന് തോന്നാമെങ്കിലും ബഹിരാകാശയാത്രികരുടെ ആരോഗ്യത്തിനും ഉപകരണങ്ങൾക്കും ഇവ ഭീഷണി ഉർത്തുന്നു. ഇത്തരം ബാക്ടീരിയകൾക്ക് വായുവിന്റെ ഗുണനിലവാരത്തെ ബാധിക്കാനും ബഹിരാകാശ പേടകങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളെ നശിപ്പിക്കാനും സെൻസീറ്റിവായ സിസ്റ്റങ്ങളെ പ്രതികൂലമായി ബാധിക്കാനും സാധിച്ചേക്കും. നിയാലിയ ടിയാൻഗോൻജെൻസിസ് എങ്ങനെ പെരുമാറുന്നു, അതിജീവിക്കുന്നു എന്ന് മനസിലാക്കിയാൽ ഇത്തരം സൂക്ഷ്മ ജീവികൾ ഉയർത്തുന്ന ഭീഷണി പരിഹരിക്കാൻ കഴിയുമെന്നാണ് ഗവേഷകർ കരുതുന്നത്. ഒരു വടിയുടെ ആകൃതിയിലുള്ളതാണ് പുതിയ ബാക്ടീരിയയെന്നാണ് വിവരം.
അതേസമയം, നമ്മുടെ ഗ്രഹത്തിനപ്പുറം അതിജീവിക്കാൻ കഴിയുന്നതായി തിരിച്ചറിയപ്പെട്ട ആദ്യത്തെ സൂക്ഷ്മജീവിയല്ല ഇത്. നാസ ശാസ്ത്രജ്ഞർ മുൻപ് അറിയപ്പെടാത്ത നാല് ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് കണ്ടെത്തിയിരുന്നു.
Chinese scientists just discovered a brand new species of bacteria aboard the Tiangong Space Station—and it’s no ordinary microbe. Meet Niallia tiangongensis, a space-mutated cousin of the Earth-dwelling Niallia circulans, which is found in soil, sewage, food, and even human… pic.twitter.com/ZtogHqUIZn
— Biohack Yourself Media (@biohackyourself) May 22, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |