ലോകത്തിൽ അത്ഭുതകരമായ പല നിർമ്മിതികളും പ്രാചീനകാലം മുതലേ മനുഷ്യർ നടത്തിയിട്ടുണ്ട്. അവയെ ചേർത്ത് നമ്മൾ ലോകമഹാത്ഭുതങ്ങൾ എന്ന് പറയാറുണ്ട്. ഇവയിൽ ഒന്ന് ബഹിരാകാശത്ത് നിന്നാലോ എന്തിന് പറയുന്നു ചന്ദ്രനിൽ നിന്നാൽ പോലും കാണാമെന്ന് നമ്മൾ കേട്ടിട്ടുണ്ട്. ചൈനയിലെ വന്മതിലാണ് അത്തരത്തിൽ എത്ര ദൂരെനിന്നാലും കാണാം എന്ന് നാം പഠിച്ചിട്ടുള്ളത്. എന്നാൽ സത്യത്തിൽ അത് അങ്ങനെയല്ല. വേറെ ഭൂമിയിലെ പല വസ്‌തുക്കളും ബഹിരാകാശത്ത് നിന്ന് നമുക്ക് തിരിച്ചറിയും പക്ഷെ വന്മതിൽ അങ്ങനെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകണം എന്നില്ല.
പെട്ടെന്ന് കാണാവുന്നത് വന്മതിലല്ല
ഭൂമിക്ക് പുറത്തുനിന്ന് നോക്കിയാൽ തെളിഞ്ഞ അന്തരീക്ഷത്തിൽ വന്മതിലിന്റെ കുറച്ചുഭാഗം കാണാനായേക്കും. എന്നാൽ സാധാരണഗതിയിൽ പെട്ടെന്ന് കാണില്ല എന്നുതന്നെയാണ് ഗവേഷകർ പറയുന്നത്. ഗിസയിലെ പിരമിഡുകൾ, ഗൾഫിലെ പാം ജുമൈറ ദ്വീപുകൾ ഇവയൊക്കെ ഇത്തരത്തിൽ ടെലസ്കോപ്പുപയോഗിച്ച് കാണാനാകും. എന്നാൽ കൃത്യമായി ഒന്ന് മാത്രം മനുഷ്യർക്ക് ബഹിരാകാശത്ത് നിന്നും നന്നായി കാണാനാകും. അത് ഇത്തരം വമ്പൻ നിർമ്മിതിയല്ല സ്‌പെയിനിലെ 40,000 ഹെക്‌ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഗ്രീൻഹൗസ് ശൃംഖലയാണിത്.
സ്‌പെയിനിലെ അൽമേരിയ പ്രവിശ്യയിലെ എൽ എജിഡോ ടൗണിലാണ് ഈ മനുഷ്യനിർമ്മിത അത്ഭുതമുള്ളത്. തക്കാളി, കുരുമുളക്, വെള്ളരിക്ക, മത്തങ്ങ തുടങ്ങി പച്ചക്കറികൾ വളർത്താൻ പ്ളാസ്റ്റിക് കൊണ്ട് നിർമ്മിച്ച ഹരിതഗൃഹ കേന്ദ്രങ്ങളാണിവ. 1950കളിൽ സ്ഥലത്തെ ചില കർഷകർ ഇത്തരത്തിൽ ഗ്രീൻ ഹൗസ് ഫാമിംഗ് രീതി പരീക്ഷിച്ചു. ഇതിന്റെ വൻ വിജയം സ്ഥലത്ത് ഇത് വ്യാപകമാകാൻ കാരണമായി. ഇവയുടെ പുറംഭാഗം വെള്ള പ്ളാസ്റ്റിക് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് വലിയതോതിൽ സൂര്യപ്രകാശം പ്രതിഫലിപ്പിക്കാൻ കാരണമാകും. അതുകാരണം എത്ര മുകളിൽ നിന്നും ഗ്രീൻ ഹൗസ് ഫാമുകളെ തിരിച്ചറിയാം.
അൽമേരിയ പ്രവിശ്യ ഇന്ന് ലോകമാകെ പ്രശസ്‌തമായത് ഗ്രീൻ ഹൗസ് ഫാമിംഗ് കൃഷിരീതി കൊണ്ടാണ്. ടൺ കണക്കിന് പച്ചക്കറികളാണ് ഇവിടെനിന്നും ലോകമാകെ കയറ്റുമതി ചെയ്യുന്നത്. നാസയുടെ എർത് ഓർബിറ്ററി പ്രകാരം ഇത് ബഹിരാകാശത്തുനിന്നും തൂവെള്ള നിറത്തിൽ കാണാനാകും. ഇതിന്റെ ചിത്രങ്ങളും അവർ പങ്കുവച്ചിട്ടുണ്ട്.
ഫുഡ് ഹബ് എന്നതിലുപരി ഗ്രീൻഹൗസ് ഫാമിംഗിന്റെ ഗുണങ്ങൾ
പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള ഒരു രീതി എന്നതിലുപരി ഗ്രീൻഹൗസ് ഫാമിംഗ് വഴി ഈ ഭാഗത്ത് മറ്റൊരു മാറ്റവും സംഭവിച്ചിട്ടുണ്ട്. 1983നും 2006നുമിടയിൽ നാസ പുറത്തുവിടുന്ന വിവരമനുസരിച്ച് ഇവിടെ പത്ത് വർഷത്തിനിടെ 0.3 ഡിഗ്രി സെൽഷ്യസ് ചൂട് കുറഞ്ഞു. ഇതിനോട് ചുറ്റുമുള്ളയിടത്താകട്ടെ ഈ കാലയളവിൽ 0.5 ഡിഗ്രി ചൂടാണ് കുറഞ്ഞത്.
എന്നാൽ ഈ ഗുണത്തിനുപരി കുറേ ദോഷങ്ങളും പ്രദേശത്തുണ്ട്. പ്ളാസ്റ്റിക് ഉപയോഗം വർദ്ധിക്കുന്നതും കൃഷി ആവശ്യത്തിനായി വലിയ തോതിൽ ജലം വലിച്ചെടുക്കുന്നതും ഇതിൽ ഒന്നാണ്. ഇതോടൊപ്പം ഭാവിയിൽ ഈ പ്രദേശം എങ്ങനെയാകും എന്നതും പ്രശ്‌നമാണ്. എന്തായാലും മനുഷ്യർ ഒത്തുപിടിച്ചാൽ എത്ര വലിയ അത്ഭുതവും ഈ ലോകത്ത് സാദ്ധ്യമാകും എന്നതിന്റെ വലിയ ഉദാഹരണമാണ് ഈ ഗ്രീൻ ഹൗസ് ഫാമിംഗ് വീടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |