ബീജിംഗ്: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിലടക്കം പ്രതിരോധം ശക്തമാക്കാൻ പ്രവർത്തനങ്ങളുമായി ഇന്ത്യ സർവ്വസജ്ജമാണ്. അതിർത്തി കടന്നുള്ള ഭീകരരുടെ വരവിനെ തടയാൻ 2000 കോടിയോളമാണ് കേന്ദ്ര സർക്കാർ നീക്കിവയ്‌ക്കുക. ഇതിനിടെ നമ്മുടെ അയൽരാജ്യമായ ചൈനയും പ്രതിരോധരംഗത്ത് കാര്യമായ ഗവേഷണങ്ങളും കണ്ടെത്തലും നടത്തുന്നുണ്ട്. ഇത്തരത്തിൽ ചൈന നടത്തിയ ഒരു കണ്ടെത്തൽ ഭാവിയിൽ ലോകമാകെ പ്രതിരോധ രംഗത്ത് ഉപയോഗിക്കാൻ സാദ്ധ്യതയേറിയ ഒന്നാണ്.
ചൈനയിലെ പ്രതിരോധ സാങ്കേതികവിദ്യ സർവകലാശാല (എൻയുഡിറ്റി) ആണ് അത്തരമൊരു കണ്ടെത്തലിന് പിന്നിൽ. ഒരു കൊതുകിന്റെ മാത്രം വലിപ്പമുള്ളൊരു ഡ്രോൺ ആണ് തയ്യാറാക്കിയിരിക്കുന്നത്. രഹസ്യ സൈനികനീക്കങ്ങൾക്കാണ് ഈ 'കൊതുക് ഡ്രോൺ' ഉപയോഗിക്കുക. സങ്കീർണമായ രഹസ്യാന്വേഷണ ദൗത്യങ്ങളിൽ ചുറ്റുപാടുകൾ നിരീക്ഷിക്കാനും വിവരങ്ങൾ കൈമാറാനുമാണ് ഈ കൊതുക് ഡ്രോണിനെ രൂപപ്പെടുത്തിയിരിക്കുന്നത്.എന്നാൽ കൃത്യമായി എന്തെല്ലാം ദൗത്യങ്ങൾക്കാണ് ഈ ഡ്രോണിനെ നിർമ്മിച്ചിരിക്കുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല.
വിരലിനോളം മാത്രം നേർത്ത വലിപ്പമാണ് ഈ ഡ്രോണിന്റെ പ്രധാന പ്ളസ് പോയിന്റ്. തുമ്പികൾക്കും കൊതുകുകൾക്കുമെല്ലാം ഉള്ളതുപോലെ നേർത്ത സുതാര്യമായ രണ്ട് ചിറകുകളുമുണ്ട്. പ്രാണികൾ പറക്കുംപോലെ ചിറകടിച്ചുതന്നെ ഇവ പറക്കും. സുഖമായി ലാൻഡ് ചെയ്യാൻ മൂന്ന് കാലുകളും ഡ്രോണിനുണ്ട്. നഗരപ്രദേശങ്ങളിലെ പോരാട്ടങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും തീരെ ചെറിയ ഇടങ്ങളിൽ പരിശോധനക്കും ഇവ ഉപയോഗിക്കാം.
പവർ സിസ്റ്റങ്ങളും സെൻസറുമെല്ലാം ഈ ഡ്രോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ രഹസ്യാന്വേഷണങ്ങൾക്ക് ഈ ഡ്രോൺ വളരെ സൗകര്യപ്രദമാണ്. ഇത് ഇന്ത്യയടക്കം അയൽരാജ്യങ്ങൾക്ക് വളരെ ഭീഷണിയാണ്. ഈ ഡ്രോണിന്റെ നിർമ്മാണം വളരെ വെല്ലുവിളി നേരിടുന്നതാണെങ്കിലും രഹസ്യാന്വേഷണങ്ങളിൽ ഇവ ഏറെ സൗകര്യപ്രദമാണ്. നിലവിൽ ഇത്ര ചെറിയ മൈക്രോ യുഎവികൾ വികസിപ്പിക്കാൻ ശ്രമിക്കുന്ന രാജ്യങ്ങൾ അമേരിക്കയും നോർവെയുമാണ്.
ബ്ളാക് ഹോണറ്റ് എന്ന നോർവെയുടെ ചെറു ഡ്രോണിന് കൈപ്പത്തിയിൽ നിർത്താവുന്നത്ര വലിപ്പമേയുള്ളു. നിരവധി പടിഞ്ഞാറൻ രാജ്യങ്ങളിൽ ബ്ളാക് ഹോണറ്റ് ഉപയോഗിക്കുന്നുണ്ട്. അമേരിക്ക ഉപയോഗിക്കുന്ന മൈക്രോ ഡ്രോണുകൾക്കാകട്ടെ മികച്ച ബാറ്ററി കാലാവധിയും കാലാവസ്ഥാ പ്രതിരോധശേഷിയും ആശയവിനിമയം നടത്താൻ എളുപ്പവുമാണ്. എന്നാൽ കൃത്യമായി ഇതിന്റ രൂപമോ മറ്റോ ഇതുവരെ പുറത്തുവന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |