ഹൈദരാബാദ്: കര,സമുദ്ര, വായു വഴിയുള്ള ശത്രുസാന്നിദ്ധ്യത്തെ തകർക്കാൻ പാകത്തിന് നിരവധി ആയുധങ്ങൾ ഇന്ത്യൻ പ്രതിരോധ വിഭാഗത്തിന് സ്വന്തമായുണ്ട്. ഇക്കൂട്ടത്തിൽ ശക്തമായൊരു ആയുധം ചൈനയ്‌ക്കും പാകിസ്ഥാനും തലവേദനയാകുന്നുണ്ട്. നാവികസേനയുടെ ശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ വികസിപ്പിക്കുന്ന കെ-6 ഹൈപ്പർസോണിക് ബാലിസ്റ്ററിക് മിസൈലാണ് ഈ ആയുധം.
പുത്തൻ എയർക്രാഫ്റ്റ് ക്യാരിയർ യുദ്ധകപ്പലുകൾ, അന്തർവാഹിനികൾ, മിസൈൽ സംവിധാനങ്ങൾ എന്നിവയ്‌ക്ക് പുറമേ ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത കെ-6 ഹെപ്പർസോണിക്ക് ബാലിസ്റ്റിക് മിസൈൽ, അന്തർവാഹിനിയിൽ നിന്നും ലോഞ്ച് ചെയ്യാവുന്ന തരത്തിലുള്ളവയാണ്.
നിലവിൽ ഇന്ത്യയുടെ ബ്രഹ്‌മോസിനെക്കാൾ വേഗവും മികവുമുള്ളവയാണ് കെ-6 മിസൈലുകൾ. ഇവ ഇന്ത്യൻ നാവികസേനയുടെ ആണവ പ്രതിരോധ ശക്തിയെ വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. 7.5 മാക് വേഗതയിൽ ആണവായുധങ്ങളും സാധാരണ ആയുധങ്ങളും തൊടുക്കാൻ കെ-6ലൂടെ സാധിക്കും. മണിക്കൂറിൽ ഏകദേശം 9200 കിലോമീറ്ററിലേറെ വേഗം വരുമിതിനെന്നാണ് സൂചന. ഈ വേഗം ശത്രുക്കളെ നിമിഷനേരംകൊണ്ട് ആക്രമിച്ച് തകർക്കാൻ കഴിവുനൽകും.
ശത്രുക്കളുടെ ആഴമേറിയ ഒളികേന്ദ്രങ്ങളിൽ പോലും കടന്നുചെല്ലാനാകുന്ന ഈ മിസൈലിന് 8000 കിലോമീറ്ററാണ് പരമാവധി പരിധി. ഇന്ത്യ മുൻപുതന്നെ അന്തർവാഹിനികളിൽ നിന്നും ലോഞ്ച് ചെയ്യാവുന്ന തരം മിസൈലുകളെ വികസിപ്പിച്ചിട്ടുള്ളതാണ്. കെ-4 (3500 കിലോമീറ്റർ റേഞ്ച്), കെ-5 (6000 കിലോമീറ്റർ റേഞ്ച്) എന്നിവയാണ് ഇന്ത്യ തയ്യാറാക്കിയ മിസൈലുകൾ. കരയിൽ ഉപയോഗിക്കുന്ന അഗ്നി-5 ഭൂഖണ്ഡാന്തര മിസൈൽ പോലെ ഇന്ത്യൻ പ്രതിരോധ സേനയ്‌ക്ക് കെ-6 മിസൈലുകൾ മികച്ച മുതൽകൂട്ടാകും.
ഡിആർഡിഒയുടെ ഹൈദരാബാദിലുള്ള അഡ്വാൻസ്ഡ് നേവൽ റിസർച്ച് സിസ്റ്റംസ് ലബോറട്ടറിയിലാണ് കെ-6 മിസൈൽ വികസിപ്പിക്കുന്നത്. മാത്രമല്ല ഇവ ഇന്ത്യ വികസിപ്പിക്കുന്ന എസ്-5 ആണവ അന്തർവാഹിനിയിൽ ഉപയോഗിക്കാനാകും തയ്യാറാക്കുന്നത്. നിലവിലെ അരിഹന്ത് ക്ളാസിനെക്കാൾ വലിയവയും ശക്തവുമായിരിക്കും എസ്-5 ക്ളാസ് എന്നതിനാൽ അവയിൽ ഉപയോഗിക്കുന്ന കെ-6 മിസൈലുകളും കരുത്തിൽ ഒട്ടും പിന്നിലാകില്ല. ഒരേസമയം നിരവധി മിസൈലുകളെ ലോഞ്ച് ചെയ്യാൻ പ്രാപ്‌തിയുള്ളതാകും എസ്-5 അന്തർവാഹിനി. മൾട്ടിപ്പിൾ ഇൻഡിപ്പെൻഡന്റ്‌ലി ടാർഗെറ്റബിൾ റിഎൻട്രി വെഹിക്കിൾ എന്ന സംവിധാനം കെ-6 മിസൈലിലുണ്ട്. അതായത് ഒരേസമയം പല ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ കെ-6ന് ആകും എന്നർത്ഥം.
ഇത്തരം കരുത്താർന്ന മിസൈൽ വികസിപ്പിച്ചെടുത്തതിലൂടെ ഇന്ത്യ നിലവിൽ അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, യുകെ എന്നീ വൻകിട രാജ്യങ്ങളടങ്ങുന്ന ഒരു അപൂർവ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. സൈനിക വെല്ലുവിളികൾ ഇന്ത്യയ്‌ക്ക് മികവോടെ കൈകാര്യം ചെയ്യാനാകും എന്നർത്ഥം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |