ദീര്‍ഘദൂര യാത്രകള്‍ക്ക് ഒരുപാട് സമയമെടുക്കുന്നത് പലപ്പോഴും ശരീരത്തേയും മനസ്സിനേയും ഒരുപോലെ മടുപ്പിക്കുന്ന ഒന്നാണ്. അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ അതിവേഗ ട്രെയിന്‍ (ബുള്ളറ്റ് ട്രെയിന്‍) സംവിധാനം യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഹമ്മദാബാദ് - മുംബയ് നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് ബുള്ളറ്റ് ട്രെയിന്‍ റൂട്ട്. എന്നാല്‍ അതിവേഗ ട്രെയിന്‍ യാത്രാ സംവിധാനത്തിന്റെ ബൃഹത് ശൃംഖല തന്നെയുണ്ട് അയല്‍രാജ്യമായ ചൈനയില്‍. ഈ സൗകര്യങ്ങളെ കുറിച്ച് ഇന്ത്യയില്‍ നിന്നുള്ള ഒരു സംരംഭകന്റെ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈവിക്കിന്റെ സഹസ്ഥാപകനായ ആകാശ് ബന്‍സല്‍ ആണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. താന്‍ ഒറ്റദിവസംകൊണ്ട് 1600 കിലോമീറ്റര്‍ സഞ്ചരിച്ചെന്നും രാത്രിയോടെ തിരികെ റൂമിലെത്തിയെന്നും ആകാശ് ബന്‍സല്‍ പറയുന്നു. ചൈനയിലെ അതിവേഗ ട്രെയിനില്‍ 4.5 മണിക്കൂര്‍കൊണ്ട് പൂര്‍ത്തിയാക്കിയ 800 കിലോമീറ്റര്‍ യാത്രയ്ക്ക് 4000 രൂപ ഉള്‍പ്പെടെ, മുഴുവന്‍ യാത്രയ്ക്കും ആകെ 8000 രൂപ മാത്രമാണ് ചെലവായതെന്നും ആകാശ് പറയുന്നു. വേഗത മാത്രമല്ല, തടസ്സങ്ങളില്ലാത്ത യാത്രാനുഭവമാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതെന്നും അദ്ദേഹം കുറിച്ചു.
യാത്രാ സൗകര്യങ്ങളിലെ ആധുനിക സംവിധാനങ്ങള്‍ കാരണം എട്ട് മണിക്കൂര്‍ യാത്രയും മൂന്ന് മണിക്കൂര്‍ മീറ്റിംഗും കഴിഞ്ഞ് തിരികെ എത്തിയ തനിക്ക് അല്‍പ്പം പോലും ക്ഷീണം അനുഭവപ്പെട്ടില്ലെന്നും കുറിച്ച അദ്ദേഹം ചൈനയിലെ അതിവേഗ ട്രെയിന്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ സ്റ്റേഷനുകളെ കുറിച്ചും വിവരിച്ചു. ആയിരക്കണക്കിന് ആളുകള്‍ക്ക് ഒരേസമയം ഇരിപ്പിടം ഒരുക്കിയിട്ടുണ്ടെന്നും ഇതില്‍ നല്ലൊരു ശതമാനം സീറ്റുകളും മസാജ് ചെയറുകളാണെന്നും വെറും 100 രൂപ ചെലവില്‍ ഇവ ഉപയോഗിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.
ചൈനീസ് റെയില്‍വേ സ്റ്റേഷനുകളുടെ വലിപ്പത്തെയും കാര്യക്ഷമതയെയും പ്രശംസിക്കുകയും ബോര്‍ഡിങ് പ്രക്രിയ എത്രത്തോളം സുഖമമായിരുന്നെന്ന് പങ്കുവെക്കുകയും ചെയ്തു. 'സ്റ്റേഷനുകള്‍ വളരെ വലുതാണ്. പുറപ്പെടുന്നതിന് 10 മിനിറ്റ് മുന്‍പ് മാത്രം പ്ലാറ്റ്ഫോമില്‍ പ്രവേശിച്ചാല്‍ മതി. തിരിച്ചറിയല്‍ കാര്‍ഡോ പാസ്പോര്‍ട്ടോ സ്‌കാനറില്‍ സ്‌കാന്‍ ചെയ്താല്‍ മതി, വാതില്‍ തുറക്കും. നിങ്ങള്‍ നേരത്തെ എത്തുന്നു എന്ന് കരുതുക. കൗണ്ടറില്‍ പോയാല്‍ അവര്‍ നിങ്ങളുടെ ടിക്കറ്റ് നേരത്തെയുള്ള ട്രെയിനിലേക്ക് മാറ്റും. അദ്ദേഹം എഴുതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |