പ്രവാസികൾക്ക് സന്തോഷവാർത്ത; ഈ മാസം മൂന്ന് ദിവസം അടുപ്പിച്ച് അവധി, പ്രഖ്യാപിച്ച് ഗൾഫ് രാജ്യം

Wednesday 18 June 2025 4:46 PM IST

ദുബായ്: ഹിജ്‌റ പുരുവർഷാരംഭത്തിന്റെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ദുബായ്. ജൂൺ 27 വെള്ളിയാഴ്‌ചയാണ് അവധി. വാരാന്ത്യ അവധി ദിവസങ്ങൾ കൂടി കണക്കാക്കുമ്പോൾ സർക്കാർ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ അവധി ലഭിക്കും.

ജൂൺ 30 തിങ്കളാഴ്‌ചയാണ് പിന്നീട് ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുക. സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവയ്‌ക്ക് അവധി ബാധകമായിരിക്കും. എന്നാൽ, അടിയന്തര സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളും ജീവനക്കാർ ഷിഫ്‌റ്റിൽ ജോലി ചെയ്യുന്ന സ്ഥാപനങ്ങളും ഈ സേവനങ്ങൾ തടസപ്പെടാത്ത വിധം ജോലി സമയം ക്രമീകരിക്കേണ്ടതാണെന്നും നിർദേശമുണ്ട്.

യുഎഇയിലെ ഹിജ്‌റ പുതുവർഷ ആരംഭത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ജൂൺ 27ന് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുള്ള അവധി ദിവസങ്ങൾ നേരത്തേ ഏകീകരിച്ചിരുന്നു.