
അജ്മാൻ: യുഎഇയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മലയാളിയുമായ ഹഫീസ ഫിറോസിന്റെ ചിത്രങ്ങൾ മസാജ് സെന്ററുകളിൽ അനുവാദമില്ലാതെ ഉപയോഗിച്ച യുവാവ് പിടിയിൽ. പ്രതിയുടെ പേര് പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, അറസ്റ്റിലായ വ്യക്തി മലയാളിയും തന്റെ സ്വന്തം ജില്ലയായ കണ്ണൂരിൽ നിന്നുള്ള ആളുമാണെന്ന് അറിഞ്ഞതിൽ ദുഃഖമുണ്ടെന്ന് ഹഫീസ വെളിപ്പെടുത്തി. അജ്‌മാൻ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
കണ്ണൂർ മട്ടന്നൂർ സ്വദേശിയാണ് ഹഫീസ. യുഎഇയിൽ ലൈസൻസുള്ള ഫാഷൻ, ഇലക്‌ട്രോണിക്‌സ് ബ്ലോഗറായ യുവതിക്ക് ഇൻസ്റ്റഗ്രാമിൽ 1.38 ലക്ഷം ഫോളോവേഴ്‌സുണ്ട്. ലൈംഗിക സേവനങ്ങൾ നൽകാമെന്ന തരത്തിലുള്ള അടിക്കുറിപ്പുകളാണ് യുവതിയുടെ ചിത്രത്തിനൊപ്പം രണ്ട് മസാജ് പാർലറുകൾ പ്രചരിപ്പിച്ചത്. ഈ പോസ്റ്റർ പലരും അയച്ചുതന്നപ്പോൾ വളരെയധികം വിഷമം തോന്നിയെന്ന് യുവതി പറഞ്ഞു. പലരും അവരെ കളിയാക്കുകയും ചെയ്‌തു.
യാബ് ലീഗൽ സർവീസസിന്റെ സിഇഒ അഡ്വ. സലാം പാപ്പിനിശേരിയാണ് കേസ് ഏറ്റെടുത്തത്. അജ്മാൻ പ്രോസിക്യൂഷൻ മുഖേന സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സൈബർ കുറ്റകൃത്യം, അപകീർത്തിപ്പെടുത്തൽ, വ്യക്തിഹത്യ തുടങ്ങിയ വകുപ്പുകൾ ചുമത്തി ക്രിമിനൽ കേസാണ് പ്രതിക്കെതിരെ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് പ്രതി ചിത്രങ്ങൾ എടുത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പല യുവതികൾക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ടായിരിക്കാം. എന്നാൽ, എനിക്ക് മൗനമായിരിക്കാൻ സാധിച്ചില്ലെന്നും ഹഫീസ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |