
ടെഹ്‌റാൻ: സാമ്പത്തിക പ്രതിസന്ധിക്കെതിരെ ഇറാനിൽ തുടങ്ങിയ ജനകീയ പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. 31 പ്രവിശ്യകളിൽ 27 എണ്ണത്തിലും പ്രക്ഷോഭം സജീവമാണ്. 90ലേറെ നഗരങ്ങളിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഡിസംബർ 28ന് പ്രക്ഷോഭം ആരംഭിച്ചത് മുതൽ 39 പേർ കൊല്ലപ്പെട്ടെന്നും 2,000ത്തിലേറെ പേർ അറസ്റ്റ് ചെയ്യപ്പെട്ടെന്നും വിവിധ സംഘടനകൾ പറയുന്നു. ലോർഡെഗനിൽ ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു.
തലസ്ഥാനമായ ടെഹ്‌റാനിൽ അടക്കം പൊലീസ് ആശുപത്രികളിൽ റെയ്ഡ് നടത്തി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നെന്ന് റിപ്പോർട്ടുണ്ട്. ഏഴ് കുർദ്ദിഷ് പ്രതിപക്ഷ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഇന്നലെ രാജ്യവ്യാപക പണിമുടക്ക് നടത്തി. കെർമാൻഷാ പോലുള്ള പടിഞ്ഞാറൻ പ്രവിശ്യകളെ പണിമുടക്ക് കാര്യമായി ബാധിച്ചു.
സാമ്പത്തിക തകർച്ചയുടെ പേരിൽ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സർക്കാരും പാർലമെന്റ് അംഗങ്ങളും തമ്മിൽ ഭിന്നതയുമുണ്ട്. വിലക്കയറ്റത്തിന്റെയും റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതിന്റെയും പശ്ചാത്തലത്തിൽ ടെഹ്റാനിലെ വ്യാപാരികൾ തുടക്കമിട്ട പ്രതിഷേധങ്ങൾ ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി ആളിപ്പടരുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |