
മദീന: സൗദി അറേബ്യയിലെ മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന (40), മകൻ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് (73) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ജിദ്ദ-മദീന റോഡിലെ വാദി ഫറഹ എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ജി.എം.സി വാഹനം തീറ്റപ്പുല്ല് കയറ്റി വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശിക്കാനായി പുറപ്പെട്ടതായിരുന്നു കുടുംബം. ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീലിന്റെ അടുക്കലേക്ക് സന്ദർശക വിസയിൽ എത്തിയതായിരുന്നു ഭാര്യയും മക്കളും. മാതാവ് മൈമൂനത്ത് ഉംറ വിസയിലാണ് സൗദിയിലെത്തിയത്.
അപകടത്തിൽപ്പെട്ട ജലീലിന്റെ മറ്റ് മൂന്ന് മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. നിലവിൽ ഇവർ മദീനയിലെ കിംഗ് ഫഹദ്, സൗദി ജർമൻ എന്നീ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരണപ്പെട്ടവരുടെ നിയമനടപടികൾ പൂർത്തിയാക്കാൻ മദീന കെ.എം.സി.സി നേതാക്കളായ ഷഫീഖ്, ജലീൽ, ഹഫ്‌സി, റഫീഖ്, മുബാറക്ക് എന്നിവർ രംഗത്തുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |