
ആരോഗ്യമേഖലയിൽ ദിനംപ്രതി മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകോത്തര നിലവാരത്തിലുള്ള ആശുപത്രികളും കഴിവുറ്റ ആരോഗ്യവിദഗ്ദരും രാജ്യത്തിന്റെ ആരോഗ്യമേഖല സമ്പന്നമാക്കാൻ പ്രധാന സ്ഥാനം വഹിക്കുന്നുണ്ട്. നേത്രാരോഗ്യത്തിന്റെ കാര്യത്തിലും നമ്മുടെ രാജ്യം ഒരുപടി മുന്നിലാണ്. മികച്ച നേത്ര പരിശോധനകളും ചികിത്സകളും ശസ്ത്രക്രിയകളും ഇന്ത്യയിൽ നടക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് രാജ്യത്ത് ലക്ഷക്കണക്കിനാളുകൾ ഇപ്പോഴും കാഴ്ചയില്ലാതെ ബുദ്ധിമുട്ടുന്നതെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.
അവയവദാനം ചെയ്യുന്നതിൽ ഇന്ത്യ ലോകത്തിനുതന്നെ മാതൃകയാണ്. തിമിരം, ഗ്ലോക്കോമ പോലുള്ള അവസ്ഥകൾ അന്ധതാനിരക്ക് വർദ്ധിപ്പിക്കുന്നതിൽ പ്രധാന കാരണമായി മാറുന്നുണ്ട്. ഇന്ത്യയിൽ 1.2 മുതൽ 1.8 മില്യൺ ആളുകൾ കോർണിയയിലുണ്ടാകുന്ന പ്രശ്നങ്ങൾ കാരണം അന്ധത അനുഭവിക്കുന്നുണ്ടെന്നാണ് കണക്കുകൾ. അവരിൽ കുട്ടികളും യുവാക്കളും ഉൾപ്പെടുന്നുണ്ട്. അണുബാധ, പരിക്ക്,അല്ലെങ്കിൽ ജന്മനാ ഉണ്ടാകുന്ന അസുഖം കാരണമായിരിക്കും അന്ധത അനുഭവപ്പെടുന്നത്. ഇവരിൽ ഒട്ടുമുക്കാലിന് കോർണിയ മാറ്റിവയ്ക്കുന്നതിലൂടെ കാഴ്ച സാദ്ധ്യമാക്കാം.
മറ്റുള്ള അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി താരതമ്യം ചെയ്യുമ്പോൾ കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കൂടുതൽ വിജയ സാദ്ധ്യതയുള്ളതാണ്. ഇതിന് ദാതാവിന്റെയും സ്വീകർത്താവിന്റെയും രക്തഗ്രൂപ്പുകൾ പര്സപരം ചേരണമെന്നില്ല. ശസ്ത്രക്രിയയ്ക്ക് ഒരുമണിക്കൂറിൽ താഴെ മാത്രം മതി. കൂടാതെ രോഗിക്ക് ദീർഘകാലം കാഴ്ചയിൽ യാതൊരു പ്രശ്നവും ഉണ്ടാകില്ല.
കോർണിയ
കണ്ണിന്റെ സുതാര്യമായ മുൻപാളിയാണ് കോർണിയ. ഇതിനുള്ള തകരാറോ കേടുപാടോ സംഭവിക്കുമ്പോഴോ ആണ് ഒരു വ്യക്തിയുടെ കാഴ്ചയ്ക്ക് തകരാറ് സംഭവിക്കുന്നത്. ചിലപ്പോൾ കാഴ്ച പൂർണമായി നഷ്ടപ്പെടാനും സാദ്ധ്യതയുണ്ട്. ചിലരിൽ കുട്ടിക്കാലത്തെ വെറ്റമിന്റെ അപര്യാപ്തത കാരണവും സംഭവിക്കാം.ആദ്യകാലങ്ങളിൽ ആളുകൾക്ക് ചെറിയ പരിക്കുകൾ കാരണമോ വൃത്തിയില്ലായ്മ മൂലമോ കോർണിയയിൽ അണുബാധയുണ്ടാകുന്നത് സാധാരണമായിരുന്നു. കൃത്യമായ ചികിത്സ തേടാതെ വരുന്നതോടെ അവർക്ക് കാഴ്ച ക്രമേണ നഷ്ടപ്പെടാനും കാരണമായി.
എന്നാൽ ഇന്ന് ഇന്ത്യ ആരോഗ്യമേഖലയിൽ വൻകുതിപ്പാണുണ്ടാക്കുന്നത്. പ്രതിദിനം പതിനായിരക്കണക്കിന് നേത്ര ശസ്ത്രക്രിയകളാണ് രാജ്യത്ത് അങ്ങോളമിങ്ങോളം നടത്തുന്നത്. ലാമെല്ലാർ കെരാട്ടോപ്ലാസ്റ്റി ഉൾപ്പെടെയുള്ള നൂതന ചികിത്സാരീതികൾ ഇന്നും നിലവിലുണ്ട്. പല പ്രധാന ആശുപത്രികളിലും ഐ ബാങ്ക് സംവിധാനങ്ങളുമുണ്ട്. എന്നിരുന്നാലും മരിച്ചവരുടെ കണ്ണുകൾ ദാനം ചെയ്യാൻ അവരുടെ പ്രിയപ്പെട്ടവർ സമ്മതിച്ചില്ലെങ്കിൽ ഇത്തരം സംവിധാനങ്ങൾ കൊണ്ട് യാതൊരു ഫലവുമുണ്ടാകില്ല.
രാജ്യത്ത് വർഷത്തിൽ രണ്ട് ലക്ഷം കോർണിയകളുടെ ആവശ്യമാണ് ശരാശരി ഉണ്ടാകുന്നത്. ഇതിൽ 25,000 മുതൽ 30,000 വരെ കോർണിയകൾ പ്രതിവർഷം ശേഖരിക്കാറുണ്ട്, ഇതിലൂടെ 12 മുതൽ 15 ശതമാനം വരെ ആവശ്യങ്ങളേ നിറവേറ്റാൻ സാധിക്കുന്നുള്ളൂവെന്ന് ബംഗളൂരുവിലെ നേത്രധാമ സൂപ്പർ സ്പെഷ്യാലിറ്റി ഐ ആശുപത്രിയിലെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുഷ്മിത ശ്രീഗണേശ് പറഞ്ഞു.
അവയവദാനത്തിന് സമൂഹത്തിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഹൃദയം, കരൾ, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പലപ്പോൾ മാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാകാറുണ്ട്. നേത്രദാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇത് പിന്നിലാണ്. മരണശേഷം കണ്ണുകൾ ദാനം ചെയ്യണമെന്ന കാര്യത്തിൽ പലർക്കും അസ്വസ്ഥത തോന്നാറുണ്ട്. നേത്രദാനത്തെക്കുറിച്ചുള്ള ബോധവത്ക്കരണങ്ങൾ കുറച്ചുകൂടി ശക്തപ്പെടുത്തേണ്ടതുണ്ട്.
വെല്ലുവിളികൾ
നേത്രദാനം എങ്ങനെചെയ്യണമെതിനെക്കുറിച്ച് 30 ശതമാനത്തോളം ആളുകൾക്ക് മാത്രമേ ശരിയായ അറിവുള്ളൂ. ശേഷിക്കുന്നവർ ഇതിനെക്കുറിച്ച് തികച്ചും അജ്ഞരാണ്. നേത്രദാനം ചെയ്യുന്നവരുടെ എണ്ണം കുറയാൻ ഇത് പ്രധാന കാരണമാണ്. മരണശേഷം മാത്രമേ നേത്രദാനം നടക്കൂവെന്നും നാലുമുതൽ ആറ് മണിക്കൂറിനുള്ളിൽ അത് പൂർത്തിയാക്കണമെന്നും പലർക്കും അറിയില്ല. നേത്രദാനം മൃതദേഹത്തിന്റെ മുഖം വികൃതമാക്കുമെന്ന് ചിലർ കരുതപ്പെടുന്നു. മതപരമായ വിശ്വാസങ്ങൾ നേത്രദാനത്തെ വിലക്കുന്നു എന്നാണ് ചിലർ പറയുന്നത്. ഇതും തെറ്റിദ്ധാരണമൂലമുണ്ടാകുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |