യുഎഇ; മിസൈൽ ആക്രമണ ഭീഷണിയിൽ അടച്ച വ്യോമപാത തുറന്നു
അബുദാബി: ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അടച്ച വ്യോമപാത യുഎഇ തുറന്നു. ഒരു മണിക്കൂറോളമായിരുന്നു അടച്ചിട്ടത്. സുരക്ഷാ സാഹചര്യങ്ങളുടെ സമഗ്രമായ വിലയിരുത്തലിനുശേഷവും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചതിനുശേഷവുമാണ് നടപടിയെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ ) അറിയിച്ചു. താൽക്കാലിക അടച്ചുപൂട്ടൽ സമയത്ത് യാത്രക്കാരുടെയും വിമാനക്കമ്പനികളുടെയും സഹകരണത്തിനും ജിസിഎഎ നന്ദി പ്രകടിപ്പിച്ചു.
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പുതിയ പരമ്പരയെ ചെറുക്കുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമായി പ്രതികരിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി.
അതേസമയം, ഡ്രോൺ ആക്രമണത്തിൽ തീപിടുത്തമുണ്ടായതിനെത്തുടർന്ന് അബുദാബിയിലെ ഷാ എണ്ണപ്പാടത്തിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചു. അബുദാബി നഗരത്തിന് ഏകദേശം 180 കിലോമീറ്റർ (112 മൈൽ) തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഷാ ലോകത്തിലെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിൽ ഒന്നാണ്. പ്രതിദിനം 1.28 ബില്യൺ സ്റ്റാൻഡേർഡ് ക്യുബിക് അടി ഗ്യാസ് ആണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. യുദ്ധത്തിലുടനീളം ഇറാൻ തങ്ങളുടെ ഊർജ്ജ, ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ ആവർത്തിച്ച് ലക്ഷ്യമിടുകയാണെന്ന് യുഎഇ ആരോപിച്ചു. കഴിഞ്ഞദിവസം യുഎഇയിലെ ഫുജൈറ പെട്രോളിയം വ്യാവസായിക മേഖലയെ ലക്ഷ്യമിട്ടുണ്ടായ ഡ്രോൺ ആക്രമണത്തിൽ വലിയ തീപിടുത്തമുണ്ടായിരുന്നു.