സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പ്രവാസികൾ സൂക്ഷിക്കൂ; ഇന്ത്യക്കാരന് പിഴ അടയ്‌ക്കേണ്ടിവന്നത് ഒരുലക്ഷത്തോളം രൂപ

Saturday 16 May 2026 11:47 AM IST

ദുബായ്: സോഷ്യൽ മീഡിയയിലൂടെ ബന്ധുവായ യുവതിയുടെ സ്വകാര്യ ചിത്രത്തിനൊപ്പം അപകീർത്തിപ്പെടുത്തുന്ന കുറിപ്പും പോസ്റ്റ് ചെയ്‌ത ഇന്ത്യക്കാരന് പിഴ ചുമത്തി യുഎഇ. 27കാരന് 3,000 ദിർഹം (78,396 രൂപ) ആണ് പിഴ ചുമത്തിയത്. ഇര നൽകിയ പരാതിയിലാണ് നടപടി.

തന്നെ അപമാനിക്കാനും വ്യക്തിഹത്യ ചെയ്യാനും ഉദ്ദേശിച്ചാണ് യുവാവ് ഇത്തരമൊരു പോസ്റ്റിട്ടതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. യുവതിയുടെ പിതാവിന്റെ ചിത്രവും യുവാവ് സമാനമായ രീതിയിൽ അപകീർത്തി പരാമർശം നടത്തിക്കൊണ്ട് പോസ്റ്റ് ചെയ്‌തിട്ടുള്ളതായും അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയുടെ ബന്ധുവിനെയാണ് യുവതി വിവാഹം കഴിച്ചിരിക്കുന്നത്. ഈ പോസ്റ്റ് പ്രചരിച്ചതോടെ ബന്ധുക്കൾക്കിടയിൽ കടുത്ത നാണക്കേടും അപമാനവും ഉണ്ടാക്കിയതായും യുവതിയുടെ പരാതിയിലുണ്ട്. തന്റെയോ പിതാവിന്റെയോ അനുമതി ഇല്ലാതെയാണ് അവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തതെന്നും അവർ പറഞ്ഞു.

പരാതിയിൽ വാസ്‌തവമുണ്ടെന്ന് പ്രതിയുടെ അക്കൗണ്ട് പരിശോധിച്ച വിദഗ്ദ്ധ സംഘത്തിന് ബോദ്ധ്യപ്പെട്ടു. എന്നാൽ, തന്റെ ഫോണിന്റെ പാസ്‌വേർഡ് അറിയാവുന്ന യുവതി തന്നെയാണ് ഇത്തരത്തിലൊരു പോസ്റ്റിട്ടതെന്നായിരുന്നു യുവാവിന്റെ പ്രതികരണം. പക്ഷേ, ഫോറൻസിക് തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ കോടതി പ്രതിഭാഗത്തിന്റെ വാദം തള്ളി. തുടർന്ന് യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 3,000 ദിർഹം പിഴ ചുമത്തുകയായിരുന്നു.