
ന്യൂഡൽഹി: രാജ്യത്തിന്റെ പാസ്പോർട്ട് സംവിധാനം അടിമുടി മാറുന്നു. പഴയ പാസ്പോർട്ടിന് പകരം ഇ - പാസ്പോർട്ടുകളാണ് പുതിയതായി പുറത്തിറക്കുന്നത്. പാസ്പോര്‍ട്ട് സേവാ പ്രോഗ്രാം 2.0 എന്ന പേരിലുളള പദ്ധതിയാണ് ഇ - പാസ്പോർട്ടുകൾ രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് ഇവ പുറത്തിറക്കുക.
എൻക്രിപ്റ്റ് ചെയ്ത ബയോമെട്രിക് ഡാറ്റ സുരക്ഷിതമായി സംഭരിക്കുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ചിപ്പുകൾ ഘടിപ്പിച്ച പാസ്പോർട്ടുകളാണ് ഇവ. ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഐഡന്റിറ്റി പരിശോധന വേഗത്തിലും കൂടുതല്‍ വിശ്വസനീയമായ രീതിയിലും നടത്താന്‍ ഇത് സഹായിക്കും. കൂടാതെ തട്ടിപ്പ്, കൃത്രിമത്വം, പാസ്പോർട്ട് കേടാകാനുള്ള സാധ്യതയും ഇതുവഴി തടയാനാകും. പുതുക്കിയ സംവിധാനം പാസ്‌പോർട്ട് തട്ടിപ്പ് ഗണ്യമായി കുറയ്ക്കുമെന്നും ഒന്നിലധികം പാസ്‌പോർട്ടുകൾ കൈവശം വച്ചിരിക്കുന്ന വ്യക്തികളുമായി ബന്ധപ്പെട്ട കേസുകൾ കുറയ്ക്കാനാകുമെന്നും മുതിർന്ന വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.
നിലവിലുള്ളതടക്കം 2035 ജൂണോടെ ഇ-പാസ്പോര്‍ട്ടുകളിലേക്ക് പൂര്‍ണ്ണമായി മാറ്റുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡോക്യുമെന്റ് വേരിഫിക്കേഷൻ പെട്ടെന്ന് തീർക്കാനായി ആധാർ, പാൻ കാർഡ് എന്നിവയുമായും ബന്ധിപ്പിച്ചിട്ടുണ്ട്. വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകളില്‍ ഉപയോഗിക്കാനുള്ള ആഗോള പതിപ്പ് 2025 ഒക്ടോബര്‍ 28ന് പുറത്തിറക്കിയിരുന്നു. അപേക്ഷാ സഹായത്തിനും പരാതി പരിഹാരത്തിനുമായി എഐയുടെ ചാറ്റ് ബോട്ട്, വോയ്‌സ് ബോട്ടുകളും ഇതിന്റെ ഭാഗമായുണ്ട്. അതേസമയം നിലവിലുള്ള പാസ്‌പോർട്ടുകൾ അവയുടെ കാലാവധി അവസാനിക്കുന്നതുവരെ സാധുതയുള്ളതായി തുടരുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |