SignIn
Kerala Kaumudi Online
Tuesday, 10 March 2026 12.39 PM IST

നാവികാഭ്യാസത്തിലൂടെ യു.എസിന് മുന്നറിയിപ്പ്: ഹോർമുസ് അടച്ച് ഇറാന്റെ ശക്തിപ്രകടനം

Increase Font Size Decrease Font Size Print Page
pic

ടെഹ്‌റാൻ: യു.എസുമായി ആണവ ചർച്ച തുടരുന്നതിനിടെ, ലോകത്തിലെ നിർണായക ഊർജ്ജ ഇടനാഴിയായ ഹോർമുസ് കടലിടുക്ക് താത്കാലികമായി അടച്ച് ഇറാന്റെ ശക്തിപ്രകടനം. ചൊവ്വാഴ്ച ഏതാനും മണിക്കൂറുകൾ ഹോർമുസ് കടലിടുക്കിന്റെ 'ചില ഭാഗങ്ങൾ" അടച്ചെന്നും നാവികാഭ്യാസം കണക്കിലെടുത്തായിരുന്നു നീക്കമെന്നും ഇറാൻ സ്ഥിരീകരിച്ചു. മേഖലയിലെ കപ്പലുകളുടെ സുരക്ഷ മുൻനിറുത്തിയായിരുന്നു നീക്കമെന്നും ഇറാൻ വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് ഹോർമുസ് കടലിടുക്കിൽ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ നേതൃത്വത്തിൽ നാവികാഭ്യാസം തുടങ്ങിയത്. മേഖലയിലെ യു.എസ് നാവിക വ്യൂഹത്തിനുള്ള മറുപടിയായിട്ടാണ് തന്ത്രപ്രധാനമായ ഹോർമുസിനെ നാവികാഭ്യാസത്തിനായി ഇറാൻ തിരഞ്ഞെടുത്തത്.

തങ്ങൾക്ക് നേരെ യു.എസിന്റെ ആക്രമണമുണ്ടായാൽ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ച് ആഗോള എണ്ണ കയറ്റുമതിയെ പ്രതിസന്ധിയിലാക്കുമെന്ന് ഇറാൻ മുമ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. ഇറാനും യു.എസും തമ്മിലെ പരോക്ഷ ആണവ ചർച്ചയുടെ രണ്ടാം റൗണ്ട് ചൊവ്വാഴ്ച ജനീവയിൽ നടക്കവെയായിരുന്നു ഹോർമുസ് താത്കാലികമായി അടച്ച് ഇറാൻ കരുത്ത് കാട്ടിയത്.

കടലിടുക്കിൽ അണിനിരന്ന ഇറാന്റെ യുദ്ധക്കപ്പലുകളിൽ നിന്ന് മിസൈലുകൾ തൊടുത്ത് ഏത് ആക്രമണത്തെയും നേരിടാൻ സജ്ജമാണെന്ന സന്ദേശം ഇറാൻ നൽകി. കരയിൽ നിന്നും കടലിൽ നിന്നും വിക്ഷേപിച്ച മിസൈലുകൾ,​ കടലിടുക്കിലെ ലക്ഷ്യസ്ഥാനങ്ങളെ തകർത്തു. അത്യാധുനിക ഡ്രോണുകളും സൈനികാഭ്യാസത്തിന്റെ ഭാഗമായി.

ഹോർമുസിലെ ഗതാഗതം ഇന്നലെ സാധാരണ നിലയിലായിരുന്നു. അന്താരാഷ്ട്ര മാരിടൈം ഏജൻസികളും യു.എസ് നേവിയും സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്.


1980കളിൽ ഇറാനും ഇറാക്കും തമ്മിലെ ടാങ്കർ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചെന്ന് ഇറാൻ പ്രഖ്യാപിച്ചത്. മിഡിൽ ഈസ്റ്റിൽ പല സംഘർഷങ്ങളുണ്ടായിട്ടും ഹോ‌ർമുസ് ഒരു തവണ പോലും ഇറാൻ പൂർണമായും അടച്ചിട്ടിട്ടില്ല.

ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഇടുങ്ങിയ ഈ ജലപാതയിലൂടെയാണ്. അതിനാൽ,​ അടച്ചിടൽ ഏറ്റവും കൂടുതൽ ബാധിക്കുക ഇറാനെ തന്നെയാകും.

# ഹോർമുസ് തന്ത്രപ്രധാനം

 ലോകത്തെ എണ്ണ കയറ്റുമതിയുടെ 20 ശതമാനം കടന്നുപോകുന്നു

 അടച്ചാൽ എണ്ണവില കുതിച്ചുയരും. ആഗോള സമ്പദ്‌വ്യവസ്ഥയെ പിടിച്ചുകുലുക്കും

 വടക്ക് ഇറാൻ, തെക്ക് ഒമാനും യു.എ.ഇയും. പേർഷ്യൻ ഉൾക്കടലിനും ഒമാനും ഉൾക്കടലിനും ഇടയിൽ

 167 കിലോമീറ്റർ നീളം. എൻട്രൻസ്, എക്സിറ്റ് ഭാഗങ്ങൾക്ക് വീതി ഏകദേശം 50 കിലോമീറ്റർ. ഏറ്റവും ഇടുങ്ങിയ ഭാഗത്തെ വീതി 33 കിലോമീറ്റർ

# ചർച്ചയിൽ പുരോഗതി

ജനീവയിൽ ഒമാന്റെ മദ്ധ്യസ്ഥതയിൽ യു.എസുമായി നടത്തിയ പരോക്ഷ ആണവ ചർച്ചയിൽ പുരോഗതിയുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സ്ഥിരീകരിച്ചു. കരാറിനായുള്ള ചില അടിസ്ഥാന തത്വങ്ങളിൽ ഇരുരാജ്യങ്ങളും പൊതുവായ ധാരണയിലെത്തിയെന്ന് അരാഗ്ചി പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇറാൻ. അതേ സമയം, ബാലിസ്റ്റിക് മിസൈലുകളെ നിയന്ത്രിക്കണമെന്ന യു.എസിന്റെ ആവശ്യത്തോട് ഇറാൻ വഴങ്ങിയിട്ടില്ല.

# പങ്കുചേരാൻ റഷ്യയും ചൈനയും

ഇറാന്റെ നാവികാഭ്യാസത്തിൽ പങ്കുചേരാനൊരുങ്ങി റഷ്യയും ചൈനയും. ഒമാൻ ഉൾക്കടലിലും വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലുമായി മൂവരുടെയും സംയുക്ത നാവികാഭ്യാസം ഇന്ന് തുടങ്ങും. യു.എസിന്റെ സമുദ്ര ആധിപത്യത്തെ ചെറുക്കുകയാണ് ലക്ഷ്യം.


# മുന്നറിയിപ്പുമായി ഖമനേയി

ലോകത്തെ ഏറ്റവും കരുത്തുറ്റ സൈന്യത്തിന് പോലും നികത്താനാകാത്ത ഒരു പ്രഹരം ഏൽക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. യുദ്ധക്കപ്പലുകളെ മുക്കാൻ ശേഷിയുള്ള ആയുധങ്ങൾ ഇറാന്റെ പക്കലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. യു.എസ്.എസ് എബ്രഹാം ലിങ്കണിന് പിന്നാലെ യു.എസിന്റെ മറ്റൊരു വിമാനവാഹിനിയായ ജെറാൾഡ് ആർ. ഫോർഡ് കൂടി മേഖലയിൽ എത്താനിരിക്കെയാണ് ഖമനേയിയുടെ പരാമർശം. അതേ സമയം, 50ലേറെ യുദ്ധവിമാനങ്ങളെ കൂടി യു.എസ് മേഖലയിലെ സൈനിക ബേസുകളിലേക്ക് എത്തിച്ചു.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.