നവ്യാ നായരെ ചോദ്യം ചെയ്ത് ഇഡി; ഐ ആർ എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്ത് ആഭരണങ്ങൾ അടക്കം നടിയ്ക്ക് സമ്മാനിച്ചതായി കണ്ടെത്തൽ

Wednesday 30 August 2023 8:16 PM IST

മുംബയ്: നടി നവ്യാ നായരെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐ ആർ എസ് ഉദ്യോഗസ്ഥന് നടിയുമായി അടുത്ത ബന്ധമാണെന്നാണ് ഇ ഡി ഉദ്യോഗസ്ഥരുടെ ആരോപണം. ഇതിന് പിന്നാലെയാണ് നടപടി. സച്ചിൻ സാവന്ത് നവ്യാ നായർക്ക് ആഭരണങ്ങൾ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയെന്ന് ഇഡി അറിയിച്ചു.

ഇരുവരുടെയും ഫോൺ വിവരങ്ങൾ അടക്കം ഇഡി പരിശോധിച്ചു. നടിയെ കാണാൻ സാവന്ത് 8-10 തവണ കൊച്ചിയിൽ പോയിരുന്നുവെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, സുഹൃത്തുക്കൾ മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നും നടി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ ഉള്ളത്. കേസിൽ അന്വേഷണം തുടരുകയാണ്.

2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസിലാണ് സച്ചിൻ സാവന്ത് അറസ്റ്റിലായത്. കസ്റ്റംസ് അഡീഷണൽ കമ്മീഷണറായ സച്ചിനെ ജൂൺ 27ന് ലഖ്‌നൗവിൽ വെച്ചാണ് ഇഡി അറസ്റ്റ് ചെയ്തത്. കേസിൽ പ്രത്യേക പിഎംഎൽഎ കോടതിയിൽ അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിൽ നടിയെക്കുറിച്ച് പരാമർശമുണ്ട്. കേസിലെ പണത്തിന്റെ വഴി കണ്ടെത്താനും നടിക്ക് നൽകിയ സമ്മാനങ്ങൾ കുറ്റകൃത്യത്തിന്റെ വരുമാനത്തിന്റെ ഭാഗമാണോയെന്ന് കണ്ടെത്താനുമാണ് ഇഡിയുടെ ശ്രമം.