വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു; കൊല്ലപ്പെട്ടവരിൽ ഗുജറാത്ത്  മുൻ  മുഖ്യമന്ത്രി  വിജയ് രൂപാണിയും

Thursday 12 June 2025 5:55 PM IST

അഹമ്മദാബാദ്: വിമാനത്തിലുണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം എല്ലാവരും മരിച്ചെന്ന് റിപ്പോർട്ടുകൾ. രണ്ട് പൈലറ്റുമാർ, 10 ക്യാബിൻ ക്രൂ അംഗങ്ങൾ അടക്കം 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ 53 പേർ ബ്രിട്ടീഷ് പൗരന്മാരാണ്. 169 ഇന്ത്യക്കാരും ഏഴ് പോർച്ചുഗീസുകാരും ഒരു കനേഡിയൻ പൗരനും ഉണ്ടായിരുന്നു.

ലണ്ടനിലുള്ള മകളെ കാണാനുള്ള യാത്രയ്ക്കിടെയാണ് വിജയ് രൂപാണി അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ പത്തനംതിട്ട തിരുവല്ല സ്വദേശിനി രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു. യുകെയിൽ നഴ്സാണ് രഞ്ജിത. ഒരു മലയാളി കൂടി മരിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.

രാജ്യത്തുണ്ടായ രണ്ടാമത്തെ വലിയ വിമാന ദുരന്തമാണിത്. അഹമ്മദാബാദ് ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. ദുരന്തത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളും മരിച്ചു.