ബംഗളൂരു: കന്നഡ ഭാഷ തമിഴിൽ നിന്നാണ് ജനിച്ചതെന്ന നടൻ കമൽഹാസന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് കർണാടക ഹെെക്കോടതി. ആർക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ലെന്നും ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിൽ പ്രശ്നങ്ങൾ അവസാനിക്കുമായിരുന്നുവെന്നും കോടതി പറഞ്ഞു. എന്തടിസ്ഥാനത്തിലായിരുന്നു പ്രസ്താവനയെന്നും കോടതി കമലിനോട് ചോദിച്ചു. നിങ്ങൾ ചരിത്രകാരനോ ഭാഷാപണ്ഡിതനോ ആണോയെന്നും ആരാഞ്ഞു. റിലീസിന് ഒരുങ്ങുന്ന തന്റെ ചിത്രമായ 'തഗ്ഗ് ലെെഫി'ന്റെ പ്രദർശനം കർണാടകയിൽ നിരോധിക്കാനുള്ള നീക്കത്തിനെതിരെ കമൽഹാസൻ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശങ്ങൾ.
'നിങ്ങളൊരു സാധാരണക്കാരനല്ല, അറിയപ്പെടുന്ന വ്യക്തിയാണ്. ഖേദം പ്രകടിപ്പിക്കാൻ തയ്യാറല്ലെങ്കിൽ എന്തിനാണ് കർണാടകയിൽ ചിത്രം പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്. നിങ്ങൾക്ക് അതിൽ ഖേദമില്ല. ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ ആർക്കും അവകാശമില്ല. രാജ്യത്തിന്റെ വിഭജനം ഭാഷയുടെ അടിസ്ഥാനത്തിലാണ്. പൊതു സ്വീകാര്യനായ ഒരാൾക്ക് അങ്ങനെയൊരു പ്രസ്താവന നടത്താൻ കഴിയില്ല. കർണാടകയിലെ ജനങ്ങൾ ആവശ്യപ്പെട്ടത് ഖേദപ്രകടനം മാത്രമാണ്' - കോടതി പറഞ്ഞു.
അതേസമയം, കന്നഡ ഭാഷയെ ഇകഴ്ത്താൻ ശ്രമിച്ചിട്ടില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് (കെഎസിസി) പ്രസിഡന്റ് നരസിംഹലുവിന് നൽകിയ കത്തിൽ കമൽഹാസൻ പറയുന്നു. തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും എല്ലാവരും ഒന്നാണെന്ന് പറയാനാണ് ശ്രമിച്ചതെന്നും കമൽ വ്യക്തമാക്കി. കന്നഡ ഭാഷയുടെ സമ്പന്നമായ പാരമ്പര്യത്തിൽ യാതൊരു തർക്കമോ സംവാദമോ ഇല്ല. തമിഴിനെപ്പോലെ കന്നഡയ്ക്കും അഭിമാനകരമായ സാഹിത്യപരവും സാംസ്കാരികവുമായ പാരമ്പര്യമുണ്ട്. അത് താൻ ഏറെക്കാലമായി ആദരിക്കുന്നതാണെന്നും നടൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |