ലവ് ജിഹാദ് ആരോപിച്ച് മർദ്ദനം; യുവാവിനെ അർദ്ധനഗ്നനാക്കി കരിയും ചാണകവും പൂശി അപമാനിച്ച് ഹിന്ദു സംഘടന

Tuesday 12 May 2026 10:51 AM IST

ഭോപ്പാൽ: ലവ് ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ തീവ്ര ഹിന്ദു സംഘടന പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച് പരസ്യമായി അപമാനിച്ചു. 27കാരനായ ആരിഫ് ഖാനാണ് മർദ്ദനമേറ്റത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ഭോപ്പാലിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു സംഭവം. ഹിന്ദു യുവതിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

യുവാവും യുവതിയും ഹോട്ടലിൽ ഒരുമിച്ച് താമസിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് സംഘടന പ്രവർത്തകർ ഹോട്ടലിലേക്ക് ഇരച്ചുകയറുകയായിരുന്നു. ലവ് ജിഹാദ് ആരോപിച്ചായിരുന്നു അക്രമം. ഹോട്ടൽ മുറിയിൽ അതിക്രമിച്ചു കയറിയ സംഘം, യുവാവിനെ വലിച്ചിഴച്ച് പുറത്തിറക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. യുവാവിനെ അർദ്ധനഗ്നനാക്കി മർദ്ദിച്ച ശേഷം മുഖത്ത് മഷിയും ചാണകവും പൂശി. തുടർന്ന് തെരുവിലൂടെ നടത്തിക്കുകയും പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തു.

സംഭവത്തിന് ശേഷം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവതി, യുവാവുമായി കഴിഞ്ഞ അഞ്ച് വർഷത്തോളം പരസ്പര സമ്മതത്തോടെ ലിവ്ഇൻ റിലേഷൻഷിപ്പിലാണെന്ന് പൊലീസിനോട് മൊഴിനൽകി. വീട്ടിൽ ആൺ സുഹൃത്തുക്കൾക്ക് വിലക്കുള്ളതിനാലാണ് ഹോട്ടലിൽ കാണാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. യുവാവിനെതിരെ പരാതി നൽകാൻ തയ്യാറല്ലെന്നും യുവതി വ്യക്തമാക്കി.

മർദ്ദനമേറ്റ ആരിഫ് ഖാന് നേരത്തെ മോഷണം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്ക് കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ആരും പരാതി നൽകാത്തതിനാൽ മർദ്ദനവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടില്ല. ഇരുവിഭാഗത്തെയും കൗൺസിലിംഗിന് വിധേയമാക്കിയ ശേഷം വിട്ടയച്ചതായി പൊലീസ് അറിയിച്ചു