തിരുവനന്തപുരം: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ ഹരിയാനയിലെ വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരമെന്ന വിവരത്തിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര ഏജൻസികൾ വിലയിരുത്തിയെന്നാണ് വിവരം.
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്‌സ് പട്ടികയിൽ ജ്യോതിയെ ഉൾപ്പെടുത്തിയത് സാധാരണ നടപടിക്രമം മാത്രമാണെന്നാണ് ടൂറിസം വകുപ്പ് വ്യക്തമാക്കിയത്. ഇത്തരത്തിൽ ഉൾപ്പെടുത്തുന്ന ആളുകളെക്കുറിച്ച് മുൻകൂട്ടി പരിശോധന നടത്തിയിട്ടുണ്ടോയെന്നും ഏത് സാഹചര്യത്തിലാണ് ഇവർ പട്ടികയിൽ ഉൾപ്പെട്ടതെന്നും ഉദ്യോഗസ്ഥർ പരിശോധിച്ചു. 2023 മുതൽ ജ്യോതിക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് കേന്ദ്ര ഏജൻസികൾ.
ടൂറിസം വകുപ്പിന്റെ പ്രമോഷന്റെ ഭാഗമായാണ് ജ്യോതി മൽഹോത്ര കേരളത്തിലെത്തിയതെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ടൂറിസം വകുപ്പ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ ഉപയോഗിച്ച് പ്രമോഷൻ നടത്തിയവരുടെ പട്ടികയിൽ ജ്യോതി മൽഹോത്രയുമുണ്ട്.
കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങളിൽ ജ്യോതി മൽഹോത്ര കേരള സർക്കാരിന്റെ ചെലവിലാണ് യാത്ര ചെയ്‌തത്. 2024 ജനുവരി മുതൽ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രൊമോഷൻ നടത്തിയ വ്ലോഗർമാരുടെ പട്ടികയാണ് പുറത്തുവന്നത്. 33കാരിയായ ജ്യോതി മുമ്പ് പലതവണ പാകിസ്ഥാൻ സന്ദർശിച്ചതായി തെളിഞ്ഞിരുന്നു. പാകിസ്ഥാനിലെ ഇന്റലിജൻസ് വിഭാഗവുമായി ബന്ധം പുലർത്തിയതായും വിവരം ലഭിച്ചു. പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരനുമായും ജ്യോതി ബന്ധം പുലർത്തിയിരുന്നു. ഇതേത്തുടർന്ന് ഈ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കുകയും ചെയ്‌തിരുന്നു.
'ട്രാവൽ വിത്ത് ജോ' എന്നതാണ് ജ്യോതിയുടെ യൂട്യൂബ് ചാനൽ. ജ്യോതിയുടെ വീഡിയോകളിൽ ഏറെയും പാകിസ്ഥാനിൽ നിന്നുള്ളതാണ്. ആകെ 487 വീഡിയോ 'ട്രാവൽ വിത്ത് ജോ' എന്ന ചാനലിലുണ്ട്. മിക്ക വീഡിയോയും പാകിസ്ഥാൻ, തായ്‌ലാൻഡ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കാഴ്‌ചകളാണ്. കേരള സാരി അണിഞ്ഞ് കണ്ണൂരിലെത്തിയ ജ്യോതി തെയ്യം കാണുന്നതിന്റെ വീഡിയോ നേരത്തേ വൈറലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |