ന്യൂഡൽഹി :അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തത്തെ കുറിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) വ്യോമയാന മന്ത്രാലയത്തിന് അഞ്ചുപേജുള്ള പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു .ആഴത്തിലുള്ള അന്വേഷണത്തിലേക്ക് പോകുന്നതിന് മുന്നോടിയായാണിത്.
എൻജിൻ പിഴവ്, കാലാവസ്ഥ, പൈലറ്റുമാരുടെ നീക്കങ്ങൾ, സാങ്കേതിക തകരാറുകൾ തുടങ്ങിയവയാണോ ദുരന്ത കാരണമെന്ന് കണ്ടെത്താനാണ് ശ്രമം.
അട്ടിമറി അടക്കം എല്ലാവശവും സമഗ്രമായി അന്വേഷിക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സംഭവസ്ഥലത്തെ തെളിവുകളും, വിമാനത്താവള ജീവനക്കാരുടെയും രക്ഷപ്പെട്ട യാത്രക്കാരന്റെയും ഉൾപ്പെടെ മൊഴികളും വിലയിരുത്തി. ദുരന്ത കാരണം സാങ്കേതികമാണോ എന്നറിയാൻ സിമുലേറ്റർ ടെസ്റ്രും നടത്തി. കോക്പിറ്റ് മാതൃക കൃത്രിമമായി പുനഃസൃഷ്‌ടിച്ച്, അപകടത്തിന് തൊട്ടുമുൻപുള്ള പൈലറ്റിന്റെയും വിമാനത്തിന്റെയും ചലനങ്ങൾ കമ്പ്യൂട്ടർ സഹായത്തോടെ തയ്യാറാക്കി പരീക്ഷണം നടത്തുകയും ചെയ്തു. ഇതിൽ നിന്നെല്ലാം ഉരുത്തിരിഞ്ഞ നിഗമനമാണ് റിപ്പോർട്ടിലുള്ളതെന്ന് അറിയുന്നു.
അപകടത്തിൽപ്പെട്ട എയർ ഇന്ത്യ ബോയിംഗ് ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് പരിശോധിച്ചിരുന്നു. കോക്ക്പിറ്റ് വോയ്‌സ് റെക്കാഡറും (സി.വി.ആർ), ഫ്ലൈറ്റ് ഡേറ്റ റെക്കാഡറും (എഫ്.ഡി.ആർ) ഡൽഹിയിലെ എ.എ.ഐ.ബിയുടെ ലാബിലെത്തിച്ച് ഡേറ്ര വിശകലനം ചെയ്തു.
എ.എ.ഐ.ബി ഡയറക്‌ടർ ജനറലിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഏവിയേഷൻ മെഡിസിൻ സ്‌പെഷ്യലിസ്റ്റ്, എ.ടി.സി ഓഫീസർ, ദേശീയ ഗതാഗത സുരക്ഷാ ബോർഡ് (എൻ.ടി.എസ്.ബി) പ്രതിനിധി എന്നിവരും അടങ്ങുന്നതാണ് അന്വേഷണ സംഘം.
ബോയിംഗ് ഡ്രീംലൈനർ
സുരക്ഷിതമെന്ന് എയർഇന്ത്യ
ഗതാഗതവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എം.പി അദ്ധ്യക്ഷനായ പാർലമെന്റ് അംഗങ്ങളുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഇന്നലെ ബന്ധപ്പെട്ടവരുടെ മൊഴിയെടുത്തു.
എയർ ഇന്ത്യ സി.ഇ.ഒ കാംപ്ബെൽ വിൽസൺ, മറ്റു വിമാനകമ്പനികളുടെ ഉന്നതർ, ബോയിംഗ് കമ്പനി അധികൃതർ, വ്യോമയാന സെക്രട്ടറി, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) എന്നിവർ ഹാജരായി. ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനങ്ങളിലൊന്നാണ് ബോയിംഗ് ഡ്രീംലൈനർ എന്ന നിലപാടാണ് എയർ ഇന്ത്യ സ്വീകരിച്ചത്. ആഗോളതലത്തിൽ 1000ൽപ്പരം ഡ്രീംലൈനർ സർവീസ് നടത്തുന്നുണ്ടെന്നും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |