ന്യൂഡൽഹി: ഇക്കൊല്ലം ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തുർടച്ച ലക്ഷ്യമിട്ട് നിർണായക പ്രഖ്യാപനവുമായി ബീഹാറിലെ എൻ.ഡി.എ സർക്കാർ. ബീഹാർ സ്വദേശികളായ സ്ത്രീകൾക്ക് സംസ്ഥാനത്തെ എല്ലാ സർക്കാർ സർവീസുകളിലും തസ്തികകളിലും നേരിട്ടുള്ള നിയമനങ്ങളിൽ 35% സംവരണം നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. ബീഹാറിലെ സ്ഥിരതാമസക്കാർക്ക് മാത്രമേ സംവരണമുള്ളൂ.
ബീഹാറിലെ യുവാക്കൾക്ക് പരമാവധി തൊഴിലവസരങ്ങളും പരിശീലനവും ശാക്തീകരണവും ലക്ഷ്യമിട്ട്,'ബീഹാർ യുവജന കമ്മിഷൻ' രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായും നിതീഷ് കുമാർ അറിയിച്ചു. സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ച് കമ്മിഷൻ യുവാക്കൾക്ക് മികച്ച വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കുമെന്ന് എക്‌സിൽ മുഖ്യമന്ത്രി കുറിച്ചു. സമൂഹത്തിൽ യുവാക്കളുടെ നില മെച്ചപ്പെടുത്താനും ഉയർത്താനുമുള്ള ശുപാർശകൾ സർക്കാരിന് നൽകും.
ബിഹാർ സ്വദേശികളായ യുവാക്കൾക്ക് സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ തൊഴിലുകളിൽ മുൻഗണന ഉറപ്പാക്കും. പുറത്ത് പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ താൽപര്യങ്ങളും സംരക്ഷിക്കപ്പെടും. മദ്യം, മയക്കുമരുന്ന് ഉപയോഗം തടയാനുള്ള പരിപാടികൾ തയ്യാറാക്കാനുള്ള ചുമതലയും കമ്മിഷനുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചെയർമാനും രണ്ട് വൈസ് ചെയർമാൻമാരും ഏഴ് അംഗങ്ങളുമാണ് കമ്മിഷനിലുണ്ടാകുക.
ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവർ ബി.പി.എസ്.സി പ്രിലിമിനറി പരീക്ഷ പാസാകുമ്പോൾ 50,000 രൂപയും യു.പിഎസ്‌സി പരീക്ഷ പാസാകുമ്പോൾ ഒരു ലക്ഷം രൂപയും പ്രോത്സാഹന തുക നൽകും. വരൾച്ചാ സമയത്തെ ജലസേചനത്തിന് കർഷകർക്ക് ഡീസൽ സബ്‌സിഡി നൽകാൻ 100 കോടി രൂപയും മന്ത്രിസഭ അംഗീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |