ഇന്ത്യ- ഇംഗ്ളണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെമുതൽ ലോഡ്സിൽ
ലണ്ടൻ : ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ വിഖ്യാതമായ ലോഡ്സ് മൈതാനിയിൽ തുടക്കമാകും. അഞ്ചുമത്സരപരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ളണ്ടും രണ്ടാം ടെസ്റ്റിൽ ഇന്ത്യയും വിജയിച്ചതോടെ പരമ്പര 1-1ന് സമനിലയിലാണ്.
എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റിൽ നേടിയ പടുകൂറ്റൻ വിജയത്തിന്റെ ലഹരിയിലാണ് ഇന്ത്യ. 336 റൺസിനായിരുന്നു ശുഭ്മാൻ ഗില്ലിന്റേയും കൂട്ടരുടേയും ജയം. റൺസ് മാർജിനിൽ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെതന്നെ ഏറ്റവും വലിയ വിജയമാണിത്. ആദ്യ ഇന്നിംഗ്സിൽ ഇരട്ട സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്സിൽ സെഞ്ച്വറിയും നേടി മുന്നിൽ നയിച്ച ഗില്ലും ആദ്യ ഇന്നിംഗ്സിൽ ആറുവിക്കറ്റ് വീഴ്ത്തിയ സിറാജും, രണ്ടാം ഇന്നിംഗ്സിൽ ആറുവിക്കറ്റ് വീഴ്ത്തിയ ആകാശ്ദീപ് സിംഗുമൊക്കെ ഇതേഫോമിൽ തുടരുകയാണെങ്കിൽ ലോഡ്സിലും ഇന്ത്യയ്ക്ക് മുന്നേറാനാകും. രണ്ടാം ടെസ്റ്റിൽ വിശ്രമം നൽകിയിരുന്ന ജസ്പ്രീത് ബുംറകൂടി തിരിച്ചെത്തുമ്പോൾ ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് ഉശിരുകൂടും. ബുംറ വരുമ്പോൾ പ്രസിദ്ധ് കൃഷ്ണയാകും മാറുക ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയിരുന്ന റിഷഭ് പന്ത്, യശസ്വി ജയ്സ്വാൾ, കെ.എൽ രാഹുൽ,കരുൺ നായർ, രവീന്ദ്ര ജഡേജ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയുടെ ഫോമാണ് ഇന്ത്യയുടെ ആത്മവിശ്വാസം.
അതേസമയം മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ളണ്ട് ടീമിലേക്ക് പേസർ ഗസ് അറ്റ്കിൻസണെക്കൂടി ഉൾപ്പെടുത്തി . മേയിൽ സിംബാബ്‌വേയ്ക്ക് എതിരായ മത്സരത്തിൽ പരിക്കേറ്റതിനെത്തുടർന്ന് വിശ്രമത്തിലായിരുന്നു അറ്റ്കിൻസൺ. ആദ്യ രണ്ട് മത്സരങ്ങളിലേയും ഇംഗ്ളീഷ് പേസർമാരുടെ പ്രകടനത്തിൽ വിമർശനം ഉയർന്നതിനെത്തുടർന്നാണ് അറ്റ്കിൻസണെക്കൂടി ഉൾപ്പെടുത്തിയത്.
ഇംഗ്ലണ്ട് ടീം : ബെൻ ഡക്കറ്റ്,സാക്ക് ക്രാവ്‌ലി, ഒല്ലീ പോപ്പ്,ജോ റൂട്ട്,ഹാരി ബ്രൂക്ക്,ജാമീ സ്മിത്ത്, ബെൻ സ്റ്റോക്സ് (ക്യാപ്ടൻ), ക്രിസ് വോക്സ്,ബ്രണ്ടൻ കാഴ്സ്, ജോഷ് ടംഗ്,ഷൊയ്ബ് ബഷീർ,ജാമീ ഓവർടൺ,ഗസ് അറ്റ്കിൻസൺ, ജൊഫ്ര ആർച്ചർ, സാം കുക്ക്, ജേക്കബ് ബെഥേൽ.
ഇന്ത്യൻ ടീം : ശുഭ്മാൻ ഗിൽ (ക്യാപ്ടൻ), പന്ത് ( വൈസ് ക്യാപ്ടൻ), രാഹുൽ, ജയ്സ്വാൾ, സായ് സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ,നിതീഷ്കുമാർ , ജഡേജ,ധ്രുവ് ജുറേൽ,വാഷിംഗ്ടൺ സുന്ദർ,ശാർദ്ദൂൽ , ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്,പ്രസിദ്ധ് കൃഷ്ണ,അകാശ്ദീപ്,അർഷ്ദീപ്,കുൽദീപ് യാദവ്.
19 മത്സരങ്ങളാണ് ഇന്ത്യ ലോഡ്സിൽ കളിച്ചിട്ടുള്ളത്. ഇതിൽ വിജയിക്കാനായത് മൂന്നെണ്ണത്തിൽ മാത്രം. നാലുസമനിലകൾ. ബാക്കി 12 മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം. അവസാനമായി ഇവിടെ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിലും ജയിക്കാനായി എന്നത് ആശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |