റാഞ്ചി: "ക്യാപ്റ്റൻ കൂൾ" എന്ന വിളിപ്പേര് ട്രേഡ്‌മാർക്ക് ചെയ്യാനുള്ള മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയുടെ നടപടിക്കെതിരെ അഭിഭാഷന്റെ പരാതി. ഡൽഹി സ്വദേശിയായ അഭിഭാഷകൻ അശുതോഷ് ചൗധരിയാണ് ധോണിയുടെ വിളിപ്പേരായ "ക്യാപ്റ്റൻ കൂൾ" ട്രേഡ്‌മാർക്ക് ചെയ്യാനുള്ള അപേക്ഷയെ എതിർത്തുകൊണ്ട് ട്രേഡ്‌മാർക്ക് രജിസ്ട്രിയിൽ പരാതി നൽകിയത്.
2007 ലെ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി കിരീടം ചൂടിയപ്പോഴാണ് ആരാധകർ ധോണിയെ ആദ്യമായി 'ക്യാപ്റ്റൻ കൂൾ' എന്ന് വിശേഷിപ്പിച്ചത്. 2011 ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യൻസ് ട്രോഫിയും നേടിയതോടെ, ക്യാപ്റ്റൻ കൂൾ ശരിക്കും ധോണിയുടെ വിശേഷണമായി മാറുകയായിരുന്നു.
ക്യാപ്റ്റൻമാരെ വിശേഷിപ്പിക്കാൻ മാദ്ധ്യമങ്ങളും ആരാധകരും ഉപയോഗിക്കുന്ന പൊതുവിശേഷണമാണിതെന്നും അതിനാൽ, ധോണി മാത്രം അതിനെ ട്രേഡ്‌മാർക്ക് ചെയ്യരുതെന്നും ചൗധരി വാദിച്ചു. ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ അർജുന രണതുംഗ ഉൾപ്പെടെയുള്ള മറ്റ് ക്യാപ്റ്റൻമാരെ അതേ വിളിപ്പേരിൽ പരാമർശിച്ചതിന്റെ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടികാണിച്ചു. പ്രശസ്തി ട്രേഡ്‌മാർക്ക് ചെയ്യാൻ കഴിയില്ലെന്നും പരാതിയിൽ പരാമർശിക്കുന്നു.
1999ലെ ട്രേഡ്‌മാർക്ക് നിയമത്തിലെ ക്ലാസ് 41 പ്രകാരം "ക്യാപ്റ്റൻ കൂൾ" ഒരു ട്രേഡ്‌മാർക്കായി രജിസ്റ്റർ ചെയ്യുന്നതിനാണ് ധോണി അപേക്ഷിച്ചത്. എന്നാൽ ട്രേഡ്‌മാർക്ക് രജിസ്ട്രി ഇതിന് അംഗീകാരം നൽകുന്നതിന് മുമ്പ് എതിർപ്പ് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.
പേര് ട്രേഡ്‌മാർക്ക് ചെയ്യപ്പെട്ടാൽ, ബ്രാൻഡിംഗ് ആവശ്യങ്ങൾക്കായി "ക്യാപ്റ്റൻ കൂൾ" എന്ന വിളിപ്പേര് ഉപയോഗിക്കാനുള്ള അവകാശം ധോണിക്കു മാത്രമായിരിക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോ, വിരാട് കൊഹ്‌ലി തുടങ്ങിയ മറ്റ് കായിക താരങ്ങൾ ബിസിനസ്സ് സംരംഭങ്ങൾക്കായി തങ്ങളുടെ വിളിപ്പേരുകളും ലോഗോകളും ട്രേഡ്‌മാർക്ക് ചെയ്‌തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |