എയർ ഇന്ത്യയുടെ ട്രാൻസിറ്റ് ബസിന് തീപിടിച്ചു,​ സംഭവം ഡൽഹി വിമാനത്താവളത്തിൽ

Tuesday 28 October 2025 2:19 PM IST

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിന് സമീപം നിർത്തിയിട്ടിരുന്ന ബസിന് തീപിടിച്ചു. ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. എയർ ഇന്ത്യയുടെ ട്രാൻസിറ്റ് ബസിനാണ് തീപിടിച്ചത്.

തീപിടിച്ച സമയം ബസിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ബസ് ആളിക്കത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വൈദ്യുതി ലൈനിൽ നിന്നാണ് ബസിന് തീപിടിച്ചത്.

സംഭവസമയത്ത് ബസ് ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരോ ലഗേജുകളോ ബസിൽ ഉണ്ടായിരുന്നില്ലെന്നും ഡ്രൈവർ സുരക്ഷിതനാണെന്നും പൊലീസ് വ്യക്തമാക്കി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായി ബസ് വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.