ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡൽഹി ഹെെക്കോടതി. സർട്ടിഫിക്കറ്റുകൾ പരിശോധിക്കണം എന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കിയിരിക്കുകയാണ് കോടതി. നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പുറത്തുവിടാൻ കേന്ദ്ര വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനെതിരെ ഡൽഹി സർവകലാശാല സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് വലിയ ആരോപണം ഉയർന്നിരുന്നു.
1978ൽ മോദി പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയതിന്റെ വിവരങ്ങളാണ് വിവരാവകാശ നിയമം മുഖേന ആക്‌ടിവിസ്റ്റ് നീരജ് ശർമ്മ ഡൽഹി സർവകലാശാലയോട് ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരെയാണ് ഡൽഹി സർവകലാശാല ഹർജി സമർപ്പിച്ചത്. ബിഎ സർട്ടിഫിക്കറ്റ് കോടതിയെ കാണിക്കാമെന്നും രാഷ്ട്രീയലക്ഷ്യത്തോടെ വരുന്ന അപരിചിതർക്ക് സർട്ടിഫിക്കറ്റ് പരിശോധന അനുവദിക്കാൻ കഴിയില്ലെന്നും ഡൽഹി സർവകലാശാല അറിയിച്ചിരുന്നു. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വാദങ്ങൾ ഫെബ്രുവരിയിൽ പൂർത്തിയായിരുന്നു. പിന്നീട് കേസ് വിധി പറയാൻ മാറ്റുകയായിരുന്നു. തുടർന്ന് ഇന്നാണ് വിഷയത്തിൽ ഡൽഹി ഹെെക്കോടതി ഉത്തരവായത്. ഡൽഹി സർവകലാശാലയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |