ഡൽഹിയിൽ മോദി - റബുക കൂടിക്കാഴ്ച
ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ അടക്കം സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യ-ഫിജി ധാരണ. ഫിജി പ്രധാനമന്ത്രി സിതിവേനി റബുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ.
പസഫിക് മേഖലയിൽ ചൈന സ്വാധീനം വർദ്ധിപ്പിക്കാൻ തുടങ്ങിയത് മുതൽ മേഖലയിൽ നിർണ്ണായക സ്ഥാനമുള്ള ഫിജിയുമായി പ്രതിരോധ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ.
ഫിജിയിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ ഡിഫൻസ് അറ്റാഷെയെ നിയമിക്കുമെന്നും ഫിജിയിൽ സൈബർ സുരക്ഷാ പരിശീലനകേന്ദ്രം ആരംഭിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സമുദ്ര സുരക്ഷ ശക്തമാക്കുന്നതിന് ഫിജിക്ക് ഇന്ത്യ ഉപകരണങ്ങളും പരിശീലനവും നൽകും. കാലാവസ്ഥാ വ്യതിയാനം ഫിജിക്ക് വലിയ ഭീഷണിയാണെന്നും ദുരന്തം നേരിടാൻ ഇന്ത്യ സഹായിക്കുമെന്നും മോദി പറഞ്ഞു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ചയാണ് റബുക എത്തിയത്. ആരോഗ്യ മന്ത്രി റതു അന്റോണിയോ ലലബലാവുവും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രതിനിധി സംഘവും ഒപ്പമുണ്ട്. ഫിജി പ്രധാനമന്ത്രിയായതിനുശേഷം റബുകയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
ഏഴ് ഉടമ്പടികളിൽ ഒപ്പുവച്ചു.
ഭീകരതയ്ക്ക് ധനഹായം നൽകുന്നതിനെ ചെറുക്കാനും ഭീകരതയ്‌ക്കെതിരെ ഐക്യരാഷ്ട്രസഭയിലും മറ്റ് ബഹുരാഷ്ട്ര വേദികളിലും ഒരുമിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചു. ഇന്തോ-പസഫിക് സമുദ്ര സംരംഭത്തിൽ ഫിജി പങ്കാളിയാകും. ഫിജി സൈന്യത്തിന് ഇന്ത്യ ആംബുലൻസുകൾ കൈമാറും. 2026-ൽ ഫിജി പാർലമെന്ററി പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കും. ഫിജിയിലേക്ക് ഇന്ത്യ ക്രിക്കറ്റ് പരിശീലകനെ അയക്കും. ഇന്ത്യൻ നെയ്ക്ക് ഫിജി വിപണി തുറക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
റബുക ഇന്ന് രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തും.
ഉഭയകക്ഷി ധാരണകൾ
ഫിജിയിൽ സൂപ്പർ-സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കാൻ ധാരണാപത്രം.
ജൻ ഔഷധി പദ്ധതി പ്രകാരം മരുന്നുകൾ വിതരണം ചെയ്യും
സ്റ്റാൻഡേർഡൈസേഷൻ മേഖലയിലെ സഹകരണം സംബന്ധിച്ച് ഫിജി സർക്കാരും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സും (ബി.ഐ.എസ്) നാഷണൽ മെഷർമെന്റ് ആൻഡ് സ്റ്റാൻഡേർഡ്സ് വകുപ്പും (ഡി.എൻ.ടി.എം.എസ്) തമ്മിലുള്ള ധാരണാപത്രം.
മനുഷ്യശേഷി നൈപുണ്യ വികസന മേഖലയിലെ സഹകരണം സംബന്ധിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയും (എൻ.ഐ.ഇ.എൽ.ഐ.ടി) ഫിജിയിലെ പസഫിക് പോളിടെക്കും തമ്മിലുള്ള ധാരണാപത്രം
ക്വിക്ക് ഇംപാക്ട് പ്രോജക്റ്റ് (ക്യു.ഐ.പി) നടപ്പിലാക്കുന്നതിനുള്ള ഇന്ത്യൻ സഹായം സംബന്ധിച്ചുള്ള ധാരണാപത്രം
കുടിയേറ്റം, ഇരു രാജ്യങ്ങളിലെയും പൗരന്മാർ തമ്മിലുള്ള പരസ്പര സഞ്ചാരം എന്നിവ സംബന്ധിച്ച താത്പര്യപ്രഖ്യാപനം.
സുവയിലെ ഇന്ത്യൻ ചാൻസെറി കെട്ടിടത്തിന്റെ പാട്ടക്കരാർ കൈമാറ്റം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |