സന: യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരണം ആറായി. 86 പേർക്ക് പരിക്കേറ്റു. 21 പേരുടെ നില ഗുരുതരമാണെന്ന് ഹൂതികളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ധന,വൈദ്യുതി നിലയങ്ങൾ, പ്രസിഡന്റിന്റെ കൊട്ടാര സമുച്ചയം,മറ്റ് സിവിലിയൻ സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആക്രമണം നടത്തിയതെന്ന് ഹൂതികൾ പറഞ്ഞു. യെമനിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
ഇസ്രയേലിൽ പ്രകടനം
ടെൽ അവീവ്: ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തിനെതിരെ ടെൽ അവീവിൽ തെരുവിലിറങ്ങി രാജ്യത്തെ പൗരൻമാർ. തങ്ങളുടെ ആത്മാവും ചോരയും കൊണ്ട് ഗാസയെ രക്ഷിക്കും' എന്ന് മുദ്രാവാക്യം വിളിച്ച് ഒരു സംഘം ഹബീമ സ്ക്വയറിൽ പ്രതിഷേധിച്ചു. തുടർന്ന് ഇവരെ ഇസ്രയേൽ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതിനിടെ, ഗാസയിൽ 24 മണിക്കൂറിനിടെ രണ്ട് കുഞ്ഞുങ്ങളടക്കം എട്ടുപേർ കൂടി പട്ടിണി മൂലം മരിച്ചു. ഇതോടെ ഭക്ഷണം കിട്ടാതെ മരിച്ചവരുടെ എണ്ണം 281 ആയി. ഇതിൽ 115 കുട്ടികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |