ശ്രീനഗർ: ജമ്മുകാശ്മീരിലെ പ്രാദേശിക ക്രിക്കറ്റ് താരം ഫരീദ് ഹുസൈൻ വാഹനാപകടത്തിൽ മരിച്ചു. ഓഗസ്റ്റ് 20ന് കാശ്മീരിലെ പൂഞ്ച് ജില്ലയിലായിരുന്നു അപകടമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഫരീദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെയാണ് മരിച്ചത്. റോഡ് വക്കിൽ നിർത്തിയിട്ട കാറിന്റെ ഡോർ അശ്രദ്ധമായി തുറന്നപ്പോഴായിരുന്നു അപകടമുണ്ടായത്. ഡോർ പെട്ടെന്ന് തുറന്നതിനെ തുടർന്ന് ഫരീദിന്റെ സ്കൂട്ടർ പെട്ടെന്ന് ഡോറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
സംസ്ഥാനത്തെ പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങളിൽ അറിയപ്പെടുന്ന താരമായിരുന്നു ഫരീദ്. നിരവധി ടൂർണമെന്റുകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കഴിവുള്ള ക്രിക്കറ്റ് താരമെന്ന് പലരും വിലയിരുത്തിയ അദ്ദേഹത്തിന്റെ കരിയറിന്റെ പ്രാരംഭ ഘട്ടത്തിലായിരുന്നു മരണം കവർന്നെടുത്തത്.
സിസിടിവിയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. നിരത്തിലെ ഇത്തരം അശ്രദ്ധമായ പ്രവൃത്തികൾ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും ജീവൻ നഷ്ടമാകുന്നതിന് കാരണമാകുമെന്നും പലരും അഭിപ്രായപ്പെട്ടു. ഫരീദിന്റെ മരണം ക്രിക്കറ്റ് ലോകത്തിനും തീരാ നഷ്ടമാണെന്നാണ് വിലയിരുത്തുന്നത്. പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |